കണ്ണൂർ കോർപ്പറേഷൻ മേയർ പദവി കൈമാറ്റ തർക്കം; പ്രതിപക്ഷനേതാവ് ഇന്ന് ലീഗ് നേതൃത്വവുമായി ചർച്ച നടത്തും
കണ്ണൂർ മുൻസിപ്പാലിറ്റിയായിരുന്ന കാലം മുതൽ ചെയർമാൻ പദവി തുല്യമായി പങ്കുവെക്കുന്ന രീതിയാണുള്ളത്. ലീഗിന് ഭൂരിപക്ഷമുള്ളപ്പോഴും ചെയർമാൻ പദവിയിൽ ആദ്യ ടേം കോൺഗ്രസിന് നൽകിയിട്ടുണ്ട്. ഇത് തുടരണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്.
കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മേയർ പദവി കൈമാറ്റ തർക്കവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഇന്ന് ലീഗ് നേതൃത്വവുമായി ചർച്ച നടത്തും. പ്രശ്‌നപരിഹാരമായില്ലെങ്കിൽ കോർപ്പറേഷനിലെ പരിപാടികൾ ലീഗ് ബഹിഷ്‌കരിക്കും. മേയർ പദവി പങ്കിടുന്നത് സംബന്ധിച്ച് ജില്ലാ, സംസ്ഥാന തലങ്ങളിൽ ചർച്ചകൾ നടന്നെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ല.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ കഴിഞ്ഞ ദിവസം പി.കെ കുഞ്ഞാലിക്കുട്ടിയുമായി ചർച്ച നടത്തിയിരുന്നു. അവസാന രണ്ടുവർഷം ലീഗിന് നൽകാമെന്നാണ് കോൺഗ്രസ് നിലപാട്. ഇത് ലീഗ് നേതൃത്വം അംഗീകരിച്ചിട്ടില്ല. മേയർ പദവി ലഭിച്ചില്ലെങ്കിൽ കോർപ്പറേഷൻ ഭരണസമിതിക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകാനാണ് ലീഗ് തീരുമാനം.
ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലെങ്കിൽ അവിശ്വാസപ്രമേയം കൊണ്ടുവരുന്നത് അടക്കമുള്ള കാര്യങ്ങളും ലീഗ് നേതൃത്വം ആലോചിക്കുന്നുണ്ട്. കേരള രാഷ്ട്രീയത്തിൽ തന്നെ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന തീരുമാനമായിരിക്കും ഇത്. സംസ്ഥാനത്ത് യു.ഡി.എഫ് ഭരിക്കുന്ന ഏക കോർപ്പറേഷനാണ് കണ്ണൂർ. കോർപ്പറേഷനിലെ 55 ഡിവിഷനുകളിൽ 35 സീറ്റുകളാണ് യു.ഡി.എഫിനുള്ളത്. ഇതിൽ 21 സീറ്റുകൾ കോൺഗ്രസിനും 14 സീറ്റുകൾ ലീഗിനുമാണ്.
കോർപ്പറേഷനാവുന്നതിന് മുമ്പും ലീഗും കോൺഗ്രസും പ്രസിഡന്റ് പദവി തുല്യമായി വീതംവെക്കുന്ന രീതിയാണ് നഗരസഭയിലുണ്ടായിരുന്നു. ലീഗിന് ഭൂരിപക്ഷമുള്ളപ്പോഴും മുൻസിപ്പാലിറ്റിയിലെ ചെയർമാൻ പദവി ആദ്യത്തെ രണ്ടര വർഷം കോൺഗ്രസിനാണ് നൽകിയിരുന്നത്. ഇത് തുടരണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്. എന്നാൽ കോർപ്പറേഷൻ രൂപീകരിച്ചപ്പോൾ തങ്ങൾക്ക് കൂടുതൽ സ്വാധീനമുള്ള പ്രദേശങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട് എന്നാണ് കോൺഗ്രസ് നിലപാട്.