കണ്ണൂർ കോടതി സമുച്ചയ നിർമാണം ഊരാളുങ്കലിന് നൽകിയ ഉത്തരവിന് സ്റ്റേ

ഏഴുനില കോടതി സമുച്ചയം ഊരാളുങ്കലിനു നൽകിയതിൽ തെറ്റില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്

Update: 2023-02-18 09:03 GMT
Editor : banuisahak | By : Web Desk
Advertising

കണ്ണൂർ: കണ്ണൂർ കോടതി സമുച്ചയത്തിന്റെ നിർമാണം ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകാനുള്ള ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതി സ്റ്റേ.കുറഞ്ഞ നിരക്കിൽ നിർമാണത്തിനു ക്വട്ടേഷൻ നൽകിയ പി എം മുഹമ്മദാലി നൽകിയ ഹരജിയിലാണ് സുപ്രീംകോടതി നടപടി. ഏഴുനില കോടതി സമുച്ചയം ഊരാളുങ്കലിനു നൽകിയതിൽ തെറ്റില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

സ്വകാര്യ കോൺട്രാക്ടർമാരേക്കാളും ഉയർന്ന തുകയ്ക്ക് ക്വട്ടേഷൻ നൽകിയവർക്ക് നിർമാണ ചുമതല നൽകുന്നത് എങ്ങനെയാണെന്ന് സുപ്രീംകോടതി ചോദിച്ചു. കേസിൽ സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. 

ഏറ്റവും കുറഞ്ഞ നിരക്കിൽ നിർമ കൺസ്‌ട്രക്ഷന് വേണ്ടിയായിരുന്നു മുഹമ്മദാലി ക്വട്ടേഷൻ നൽകിയിരുന്നത്. ഈ ക്വട്ടേഷൻ പരിഗണിക്കാതെ ഉയർന്ന തുകക്ക് ക്വട്ടേഷൻ നൽകിയ ഊരാളുങ്കൽ കോർപറേറ്റ് ലേബർ സൊസൈറ്റിയെയാണ് പരിഗണിച്ചത്. ഇത് ചോദ്യം ചെയ്ത മുഹമ്മദാലി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഊരാളുങ്കലിന് അനുകൂലമായ ഉത്തരവാണുണ്ടായത്. 2017ലെ സർക്കാർ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്.

സ്വകാര്യ കോൺട്രാക്ടർമാർ നൽകുന്ന തുകയെക്കാളും ഒരു പത്ത് ശതമാനമെങ്കിലും കൂടുതലാണ് സഹകരണ സംഘങ്ങൾ നൽകുന്നതെങ്കിൽ അത് അംഗീകരിച്ച് ക്വട്ടേഷൻ നൽകാം എന്നതാണ് സർക്കാർ ഉത്തരവ്. പിന്നാലെ, ഉത്തരവ് ചോദ്യം ചെയ്ത മുഹമ്മദാലി സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. കുറഞ്ഞ നിരക്കിൽ ക്വട്ടേഷൻ നൽകിയിട്ടും ഊരാളുങ്കലിന് ക്വട്ടേഷൻ നൽകിയത് അനീതിയാണെന്ന് മുഹമ്മദാലിയുടെ അഭിഭാഷകർ സുപ്രിംകോടതിയിൽ ചൂണ്ടിക്കാട്ടി. 

എങ്ങനെയാണ് കുറഞ്ഞ നിരക്കിൽ ക്വട്ടേഷൻ നൽകിയിട്ടും അതിനെ മറികടന്നുകൊണ്ട് ഊരാളുങ്കലിന് ക്വട്ടേഷൻ നൽകിയതെന്ന് ജസ്റ്റിസ് ജെകെ മഹേശ്വരി ഉൾപ്പടെയുള്ളവർ ചോദിച്ചു. പിന്നാലെ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News