'മുസ്‍ലിംകളെ വിലക്കി ഇനി ബോർഡ് വേണ്ട'; ഇടപെടലുമായി ക്ഷേത്ര കമ്മിറ്റി

കണ്ണൂർ പയ്യന്നൂർ കുഞ്ഞിമംഗലത്തെ മല്ലിയോട്ട് പാലോട്ട് കാവിൽ എല്ലാ വർഷവും ഉത്സവകാലത്ത് സ്ഥാപിച്ചുവരാറുള്ള വിവാദ ബോർഡിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു

Update: 2023-02-14 02:12 GMT
Editor : Shaheer | By : Web Desk
Advertising

കണ്ണൂർ: ഉത്സവകാലങ്ങളിൽ മുസ്‌ലിം മതസ്ഥരെ വിലക്കി ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചുവന്നിരുന്നതിൽ ഒടുവിൽ ക്ഷേത്ര കമ്മിറ്റിയുടെ ഇടപെടൽ. ബോർഡ് സ്ഥാപിക്കുന്നത് ക്ഷേത്ര കമ്മിറ്റി വിലക്കി. കണ്ണൂർ പയ്യന്നൂർ കുഞ്ഞിമംഗലത്തെ മല്ലിയോട്ട് പാലോട്ട് കാവിൽ ഉത്സവപ്പറമ്പിൽ സ്ഥാപിച്ചുവരാറുള്ള വിവാദ ബോർഡാണ് ക്ഷേത്ര കമ്മിറ്റി വിലക്കിയത്.

കാലങ്ങളായി ഇവിടെ ക്ഷേത്രോത്സവ സമയത്ത് 'മുസ്‌ലിംകൾക്ക് പ്രവേശനമില്ല' എന്ന ബോർഡ് സ്ഥാപിച്ചുവന്നിരുന്നു. ബോർഡിനെതിരെ കഴിഞ്ഞ വർഷങ്ങളിൽ വ്യാപക പ്രതിഷേധവുമുയർന്നിരുന്നു. ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകൾ പരസ്യപ്രതിഷേധം അടക്കം സംഘടിപ്പിച്ചു. എന്നാൽ, സംഘാടകർ ഇതൊന്നും മുഖവിലയ്‌ക്കെടുത്തിരുന്നില്ല. സി.പി.എമ്മിന് നിർണായകസ്വാധീനമുള്ള മേഖലയിൽ പാർട്ടി നേതൃത്വം മൗനംപാലിച്ചതും വലിയ ചർച്ചയായി.

ഈ വർഷം മുതൽ വിവാദ ബോർഡ് വേണ്ടെന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം. തിങ്കളാഴ്ച സംക്രമ അടിയന്തരവുമായി ബന്ധപ്പെട്ടു നടന്ന നാല് ഊരിലെയും വാല്യക്കാർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. സംക്രമ പൂജയ്ക്കുശേഷം നടയിൽ ഒത്തുചേർന്ന വാല്യക്കാരുടെ മുൻപാകെ ക്ഷേത്രം കർമി ഷിജു മല്ലിയോടനാണ് തീരുമാനം അറിയിച്ചത്. ഇത് വാല്യക്കാർ ഐകകണ്‌ഠ്യേന അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച നടന്ന കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ചയ്ക്കു വന്നെങ്കിലും ഇരുവിഭാഗങ്ങൾ തമ്മിൽ കൈയാങ്കളിയിൽ കലാശിച്ചതോടെ തീരുമാനം വാല്യക്കാരുടെ കമ്മിറ്റിക്ക് വിടുകയായിരുന്നു.

വിഷു കൊടിയേറ്റവുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്കായിരുന്നു നേരത്തെ മുസ്‌ലിംകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നത്. 'ഉത്സവകാലങ്ങളിൽ മുസ്‍ലിംകൾക്ക് ക്ഷേത്രപ്പറമ്പിൽ പ്രവേശനമില്ല' എന്നാണ് ബോർഡിലുണ്ടായിരുന്നത്. ക്ഷേത്രത്തിലെ ആരാധനാ കർമങ്ങൾക്കു നേതൃത്വം നൽകുന്ന നാലൂര് സമുദായിമാരുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചിരുന്നത്. സംഭവം ഏറെ വിവാദമായതോടെ ബോർഡ് നീക്കം ചെയ്തിരുന്നു.

Summary: Sree Malliyottu Palottu Kavu Committee at Payyannur, Kannur, has blocked the installation of the controversial board, banning Muslims to enter the temple compound in the festival season

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News