കണ്ണൂർ മേയറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും തമ്മിൽ വേദിയിൽ പോർവിളിയും കൈയാങ്കളിയും
അമൃത് പദ്ധതിയുടെ ഭാഗമായി കണ്ണൂർ കോർപറേഷനിൽ നിർമിച്ച മലിനജല പ്ലാന്റിന്റെ ഉദ്ഘാടന വേദിയിലാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്.
കണ്ണൂർ: ഉദ്ഘാടന ചടങ്ങിനിടെ കണ്ണൂർ മേയറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും തമ്മിൽ വേദിയിൽ വാക്കേറ്റവും കൈയാങ്കളിയും. മലിനജല ശുദ്ധീകരണ പ്ലാൻ്റ് ഉദ്ഘാടന വേദിയിലാണ് തർക്കമുണ്ടായത്. മേയർ ടി.ഒ മോഹനനും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ രാഗേഷും തമ്മിലായിരുന്നു പോർവിളി. പി.കെ രാഗേഷിന് പ്രസംഗിക്കാൻ അവസരം നിഷേധിച്ചതോടെയാണ് തർക്കമുണ്ടായത്.
അമൃത് പദ്ധതിയുടെ ഭാഗമായി കണ്ണൂർ കോർപറേഷനിൽ നിർമിച്ച മലിനജല പ്ലാന്റിന്റെ ഉദ്ഘാടന വേദിയിലാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. മന്ത്രി എം.ബി രാജേഷാണ് പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് മന്ത്രി വേദി വിട്ടതിനു പിന്നാലെയാണ് തർക്കമുണ്ടായത്.
വേദിയിൽ മന്ത്രിയുടെയും ഡെപ്യൂട്ടി മേയറുടേയും പ്രസംഗ ശേഷം വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനാണ് പ്രസംഗിക്കേണ്ടത്. എന്നാൽ ഇത് മേയർ അനുവദിച്ചില്ല. ഇതിനെ പി.കെ രാഗേഷ് ചോദ്യം ചെയ്തതിനെ മേയർ എതിർത്തു. ഇതോടെയാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതും കൈയാങ്കളിയുടെ വക്കിലെത്തിയതും.
തുടർന്ന് വലിയ സംഘർഷത്തിലേക്ക് കാര്യങ്ങൾ പോകുന്നതിന് മുമ്പ് പൊലീസ് ഇടപെടുകയും ചെയ്തു. ഇതോടെ പരിപാടി അവസാനിപ്പിച്ച് സംഘാടകർ മടങ്ങുകയായിരുന്നു.
ഉദ്ഘാടനത്തിന് മുമ്പ് കണ്ണൂർ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഗേഷ് മേയർക്കെതിരെ ഗുരുതര അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. കണ്ണൂരിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടപ്പാക്കിയ പല പദ്ധതികളിലും വലിയ അഴിമതിയുണ്ടായിട്ടുണ്ടെന്നും അതിൽ പണം പറ്റിയത് മേയറാണെന്നുമാണ് പി.കെ രാഗേഷ് ഉന്നയിച്ചത്.
അമൃത് പദ്ധതിയുടെ ഭാഗമായി ഉദ്ഘാടനം ചെയ്യപ്പെട്ട മലിന ജല പ്ലാന്റിലടക്കം അഴിമതിയുണ്ടായിട്ടുണ്ട്. ഈ പദ്ധതി പൂർത്തിയാകുംമുമ്പാണ് തിടുക്കപ്പെട്ട് ഇത്തരമൊരു ഉദ്ഘാടനം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതാണ് മേയറെ ചൊടിപ്പിച്ചത്.
അതേസമയം, കാലാവധി പൂർത്തിയാകുന്നതിന്റെ ഭാഗമായി ടി.ഒ മോഹനൻ മേയർ സ്ഥാനം രണ്ട് ദിവസത്തിനുള്ളിൽ രാജി വച്ചേക്കുമെന്നാണ് വിവരം. ധാരണ പ്രകാരം ലീഗിനാണ് ഇനി മേയർ സ്ഥാനം. ഇതിനു മുമ്പാണ് മേയർക്കെതിരെ അഴിമതിയാരോപണം ഉയർന്നത്. നേരത്തെ, കോൺഗ്രസ് കൗൺസിലറായ പി.കെ രാഗേഷിനെതിരെ പാർട്ടി അച്ചടക്ക നടപടിയെടുത്തിരുന്നു.