കയ്യടി നേടി കണ്ണൂർ സ്ക്വാഡ്; കണ്ണ് നിറഞ്ഞ് തിരക്കഥാകൃത്തും നടനുമായ റോണി ഡേവിഡ്
കഴിഞ്ഞ നാലര വർഷത്തെ അധ്വാനമാണ് കണ്ണൂർ സ്ക്വാഡെന്നും ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമാണ് ഇതെന്നും റോണി പറഞ്ഞു
കൊച്ചി: മമ്മൂട്ടിയെ നായകനാക്കി ഛായാഗ്രാഹകൻ റോബി വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക സ്വീകാര്യത കണ്ട് മനസും കണ്ണും നിറഞ്ഞിരിക്കുകയാണ് അഭിനേതാവും തിരക്കഥാകൃത്തുമായ റോണി ഡേവിഡിന്. ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം തിയറ്ററിൽ നിന്നും കണ്ണ് നിറഞ്ഞ് പുറത്തേക്കെത്തുന്ന റോണിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങൾ ഇതിനോടകം തന്നെ ഏറ്റെടുത്തിട്ടുണ്ട്. പുറത്ത് കാത്ത് നിന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാതെ റോണി ബുദ്ധിമുട്ടുന്നതായും വിഡിയോയിൽ കാണാം.
കഴിഞ്ഞ നാലരവർഷത്തെ അധ്വാനമാണ് കണ്ണൂർ സ്ക്വാഡെന്നും ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമാണ് ഇതെന്നും റോണി പറഞ്ഞു . ചിത്രത്തിന്റെ സംവിധായകൻ റോബി വർഗീസിന്റെ സഹോദരൻ കൂടിയാണ് റോണി. ഛായാഗ്രാഹനായ റോബി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ റോണി കൈകാര്യം ചെയ്യുന്നുണ്ട്.
എസ്.ഐ. ജോർജ് മാർട്ടിൻ എന്ന പൊലീസുകാരനെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. നൻപകൽ നേരത്തു മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. എസ്.ജോർജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.
മമ്മൂക്കയോടൊപ്പം ചിത്രത്തിൽ കിഷോർകുമാർ,വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്,മനോജ്.കെ.യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പരമ്പോൾ, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തില്‍ അണിനിരക്കുന്നു. കണ്ണൂർ, കാസർഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തർപ്രദേശ്, മംഗളൂരു, ബെൽഗാം, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് സുഷിൻ ശ്യാമാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീൺ പ്രഭാകർ. ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് : വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ്: ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റിൽസ്: നവീൻ മുരളി, ഓവർസീസ് വിതരണം: ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ: ആന്റണി സ്റ്റീഫൻ,ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്ണു സുഗതൻ, പി ആർ ഒ : പ്രതീഷ് ശേഖർ.