പ്രിയ വർഗീസിന്റെ നിയമനം റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ കണ്ണൂർ സർവകലാശാല അപ്പീൽ നൽകില്ല
വിധി നടപ്പാക്കുന്നതിൽ കണ്ണൂർ സർവകലാശല നിയമോപദേശം തേടി
കണ്ണൂർ: പ്രിയ വർഗീസിന്റെ നിയമന ശിപാർശ റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ കണ്ണൂർ സർവകലാശാല അപ്പീൽ നൽകില്ല. വിധി നടപ്പാക്കുന്നതിൽ കണ്ണൂർ സർവകലാശല നിയമോപദേശം തേടി. വിഷയം ചർച്ച ചെയ്യാൻ അടിയന്തര സിൻഡിക്കേറ്റ് യോഗം വിളിച്ചുചേർക്കും.
അസോസിയേറ്റ് പ്രൊഫസർ തസ്തികയിലെ നിയമനത്തിന് പ്രിയ വർഗീസ് അയോഗ്യയെന്ന ഹൈക്കോടതി ഉത്തരവ് കണ്ണൂർ സർവകലാശാലയ്ക്ക് കനത്ത തിരിച്ചടിയായി.നിയമന നടപടികൾക്കായുള്ള സ്‌ക്രീനിംഗ്, സെലക്ഷൻ കമ്മിറ്റികൾക്കെതിരായ കോടതിയുടെ രൂക്ഷ വിമർശനവും സർവകലാശാലയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വിധിയിലെ തുടർ നടപടികൾ ചർച്ചചെയ്യാൻ അടുത്ത ആഴ്ച ആദ്യം സർവകലാശാല സിൻഡിക്കേറ്റ് യോഗം വിളിച്ചു ചേർക്കും. വിഷയത്തിൽ വൈസ് ചാൻസിലർ സർവകലാശാല സ്റ്റാൻഡിങ് കൗൺസലിനോട് നിയമോപദേശം തേടിയിട്ടുണ്ട്.
വിധിക്കെതിരായ അപ്പീൽ നീക്കം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഏതെങ്കിലും ഉദ്യോഗാർഥിക്കായി സർവകലാശാല അപ്പീൽ നൽകുന്നത് നിലനിൽക്കില്ല. എന്നാൽ പ്രിയ വർഗീസ് അപ്പീൽ നൽകുന്നുണ്ടെങ്കിൽ നൽകട്ടെയെന്നാണ് സർവകലാശാല നിലപാട്. പ്രിയ വർഗീസ് ഇടക്കാല സ്റ്റേ നേടിയാൽ തുടർ നീക്കങ്ങൾക്കായി കൂടുതൽ സമയം ലഭിക്കും. റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കാനുള്ള കോടതി നിർദ്ദേശ പ്രകാരം രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയക്കാണ് ഒന്നാം റാങ്കിന് അർഹത. പ്രിയ വർഗീസിനെ ഒഴിവാക്കിയുള്ള പുതിയ പട്ടിക തയ്യാറാക്കുന്ന നടപടിയിലേക്ക് കടക്കുകയാണ് സർവകലാശാലയ്ക്ക് മുന്നിലുള്ള പോംവഴി. വിഷയത്തിൽ സർവകലാശാലാ നിലപാട് വിശദീകരിക്കാൻ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ ഇന്ന് മാധ്യമങ്ങളെ കാണും.