കലോത്സവ ഡ്യൂട്ടിയുമായി സഹകരിക്കും; ആരോഗ്യവകുപ്പ് സെക്രട്ടറിയുമായി കെജിഎംഒഎ ചർച്ച നടത്തി
നിസ്സഹകരണ സമരത്തെ തുടർന്ന് 25 കലോത്സവ വേദികളിലും ഡോക്ടറുടെ സേവനം ഉണ്ടാകില്ല എന്നായിരുന്നു ഇന്ന് രാവിലെ ഡോക്ടർമാരുടെ നിലപാട്
തിരുവനന്തപുരം: കലോത്സവ ഡ്യൂട്ടിയുമായി സഹകരിക്കുമെന്ന് കെജിഎംഒ ഡോക്ടർമാർ. ആരോഗ്യവകുപ്പ് സെക്രട്ടറിയുമായി കെജിഎംഒഎ ചർച്ച നടത്തി. ആവശ്യങ്ങൾ അനുഭവപൂർവ്വം പരിഗണിക്കാമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഭാരവാഹികൾക്ക് ഉറപ്പ് നൽകി. ഇന്ന് തന്നെ കലോത്സവ ഡ്യൂട്ടിയുമായി ഡോക്ടർമാർ പൂർണ്ണമായും സഹകരിക്കും.
നിസ്സഹകരണ സമരത്തെ തുടർന്ന് 25 കലോത്സവ വേദികളിലും ഡോക്ടറുടെ സേവനം ഉണ്ടാകില്ല എന്നായിരുന്നു ഇന്ന് രാവിലെ ഡോക്ടർമാരുടെ നിലപാട്. ഡിഎംഒയ്ക്ക് ഇത് സംബന്ധിച്ച് ഡോക്ടർമാർ കത്ത് നൽകിയിരുന്നു. ആര്യനാട് ആശുപത്രിയിലെ ഡോക്ടർക്കെതിരായ നടപടിയിലായിരുന്നു പ്രതിഷേധം.
എന്നാൽ ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം ബാധിക്കില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. വേദികളിൽ ബദൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഡോക്ടർമാരുടേത് സമ്മർദ്ദ തന്ത്രമെന്നും മുഖവിലയ്ക്ക് എടുക്കുന്നില്ല. ഡോക്ടർമാരുടേത് വാർത്ത സൃഷ്ടിച്ച് ആവശ്യങ്ങൾ നേടിയെടുക്കാനുള്ള ശ്രമമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ അൽപ്പം മുൻപാണ് ചർച്ച നടന്നത്.