നവകേരള സദസ്സ് രാഷ്ട്രീയം; എല്ലാ പാർട്ടികളും വിജയത്തിന് ആവശ്യമായ പ്രചാരണം നടത്തും: കാന്തപുരം
ഭിന്നശേഷി സംവരണം ഉയർത്തുമ്പോൾ മുസ്‌ലിം സംവരണം കുറയുന്ന വിഷയം പഠിച്ച ശേഷം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കാന്തപുരം പറഞ്ഞു.
ദുബൈ: നവകേരള സദസ്സ് രാഷ്ട്രീയമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. എല്ലാ പാർട്ടികളും അവരുടെ വിജയത്തിന് ആവശ്യമായ പ്രചാരണം നടത്തും. തെരഞ്ഞെടുപ്പ് വരുമ്പോൾ നേരിടാൻ മാർഗങ്ങൾ കണ്ടുപിടിക്കും. ഇത് മുമ്പും ഉള്ളതാണ്. ഉമ്മൻ ചാണ്ടി ഉള്ളപ്പോൾ പതിനായിരങ്ങൾ വന്നിരുന്നു. രാഷ്ട്രീയക്കാർ അവരുടെ ഉദ്ദേശ്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ വെക്കാറുണ്ട്. അതിൽ അഭിപ്രായം പറയാനില്ലെന്നും കാന്തപുരം വ്യക്തമാക്കി.
മുസ്‌ലിം സംവരണം അട്ടിമറിക്കപ്പെടരുതെന്നാണ് അഭിപ്രായമെന്നും കാന്തപുരം പറഞ്ഞു. ഭിന്നശേഷി സംവരണം ഉയർത്തുമ്പോൾ മുസ്‌ലിം സംവരണം കുറയുന്ന വിഷയം പഠിച്ച ശേഷം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. രാഷ്ട്രീയ ഐക്യമല്ല, സുന്നി ഐക്യമാണ് വേണ്ടത്. രാഷ്ട്രീയക്കാർക്ക് ഭരണം കിട്ടണമെന്ന ആഗ്രഹം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.