ഇ.കെ അബൂബക്കർ മുസ്‌ലിയാരുടെ ഖബറിടം സന്ദർശിച്ച് കാന്തപുരം; അഭിനന്ദിച്ച് സമസ്ത യുവനേതാവിന്റെ കുറിപ്പ്
സത്താര്‍ പന്തല്ലൂരാണ് അഭിനന്ദനക്കുറിപ്പുമായി രംഗത്തെത്തിയത്
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായിരുന്ന ഇ.കെ അബൂബക്കർ മുസ്‌ലിയാരുടെ ഖബറിടം സന്ദർശിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ചൊവ്വാഴ്ച രാവിലെയാണ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കൂടിയായ കാന്തപുരം പുതിയങ്ങാടിയിലെ മഖ്ബറയിലെത്തിയത്. സമസ്തയിൽ ശംസുൽ ഉലമ എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്ന ഇ.കെ അബൂബക്കർ മുസ്‌ലിയാർ ജനറൽ സെക്രട്ടറി ആയിരിക്കെയാണ് കാന്തപുരം എപി വിഭാഗം സമസ്തയ്ക്ക് രൂപം നൽകിയത്.
സന്ദർശനത്തെ അഭിനന്ദിച്ച് സമസ്ത യുവ നേതാവ് സത്താർ പന്തല്ലൂർ രംഗത്തെത്തി. 'അതെ, ശംസുൽ ഉലമയായിരുന്നു ശരി. സന്തോഷം, അഭിനന്ദനങ്ങൾ.' - എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. കാന്തപുരത്തിന്റെ മഖ്ബറ സന്ദർശനത്തിൽ മറ്റു പ്രധാന നേതാക്കളൊന്നും പ്രതികരിച്ചിട്ടില്ല.
ഷാബാനു കേസിലെ സുപ്രിംകോടതിക്ക് വിധിക്ക് പിന്നാലെയുണ്ടായ രാഷ്ട്രീയ-സാമൂഹിക സാഹചര്യത്തിൽ മറ്റു മുസ്‌ലിം വിഭാഗങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള സമസ്തയുടെ തീരുമാനമാണ് സംഘടനയിലെ പിളർപ്പിന് കാരണം. 1989ൽ കാന്തപുരത്തിന്റെ നേതൃത്വത്തിൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ രൂപീകൃതമായി. സമസ്ത എപി വിഭാഗം എന്ന പേരിലാണ് ഇതറിയപ്പെട്ടത്. ഇരു സുന്നിവിഭാഗങ്ങൾക്കുമടയിൽ പതിറ്റാണ്ടുകളായി ഐക്യശ്രമങ്ങൾ സജീവമാണ് എങ്കിലും അതൊന്നും ലക്ഷ്യം കണ്ടിട്ടില്ല.
സമസ്ത നൂറു വർഷം പിന്നിടുള്ള വേളയിൽ ഇരുവിഭാഗവും ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. നൂറാം വാർഷികം സ്വന്തമായി നടത്തുന്നത് ഐക്യശ്രമങ്ങൾക്ക് തടസ്സമാകില്ലെന്ന് കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ കാന്തപുരം പറഞ്ഞു.
'ഇ.കെ വിഭാഗവും നൂറാം വാർഷികം നടത്തട്ടെ. ഞാൻ സമസ്തയിൽ വന്നിട്ട് അമ്പതിലധികം വർഷമായി. 1974ലാണ് സമസ്തയിൽ വന്നത്. അതിനു ശേഷം ജോയിന്റ് സെക്രട്ടറിയും പിന്നീട് ജനറൽ സെക്രട്ടറിയുമായി. 60-ാം വാർഷികത്തിൽ സ്വാഗതം പറഞ്ഞത് ഞാനാണ്. അന്നു മുതൽ സമസ്തയിൽ പ്രവർത്തിക്കുന്നുണ്ട്. അതിപ്പോഴും തുടരുകയാണ്. സമ്മേളത്തിൽ വാദപ്രതിവാദത്തിനും തർക്കത്തിനുമില്ല. വാദത്തിന് പോയി ഞങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ആഗ്രഹിക്കുന്നില്ല. ഐക്യത്തിന് നൂറാം വാർഷികം ഒരിക്കലും തടസ്സമാകില്ല. ഐക്യമുണ്ടായാൽ സ്വാഗതം ചെയ്യുന്നു. അതിനു വേണ്ടി ഞങ്ങൾ പരിശ്രമിക്കുന്നുണ്ട്.' - കാന്തപുരം കൂട്ടിച്ചേർത്തു.
Summary: Kanthapuram AP Abubakar Musliyar visited the grave of EK Abubakar Musliyar