'നോമ്പുതുറയ്ക്ക് കപ്പയും പത്തിരിയും; പത്ത് ചീന്താക്കി പങ്കുവെക്കപ്പെടുന്ന കാരക്ക'-ബാല്യകാല നോമ്പോർമകൾ പങ്കുവെച്ച് കാന്തപുരം

''വളരെ മുമ്പ് തന്നെ വിഭവങ്ങൾ ഒരുക്കിവെക്കാനുള്ള ത്രാണിയൊന്നുമില്ലല്ലോ. അതിനാൽ വൈകുന്നേരം ആവുമ്പോഴേക്ക് എന്താണോ കിട്ടുന്നത്, അതാവും തുറക്ക് ഉണ്ടാവുക. കാരക്ക കൊണ്ട് നോമ്പ് തുറക്കലാണ് ശ്രേഷ്ഠം എന്നതിനാൽ തന്നെ എവിടെനിന്നെങ്കിലും ഉണങ്ങിയ കാരക്ക സംഘടിപ്പിക്കും.''

Update: 2024-04-05 17:11 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: കുട്ടിക്കാലത്തെ നോമ്പിന്‍റെ ഓർമകൾ പങ്കുവച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. കൂടുതൽ നോമ്പ് നോൽക്കുന്നവർക്ക് പെരുന്നാളിന് പുതിയ തുണിയും കുപ്പായവും വാങ്ങിത്തരാമെന്നു വാഗ്ദാനം ചെയ്താണ് കുട്ടിക്കാലത്ത് ഉപ്പയും ഉമ്മയും നോമ്പുനോൽക്കാൻ പ്രേരിപ്പിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുതുവസ്ത്രം അക്കാലത്ത് വളരെ അപൂർവമായി ലഭിക്കുന്ന ഒന്നായതിനാൽ ആ ഓഫറിന് വളരെ മൂല്യമുണ്ടായിരുന്നു. അതിനാൽ എല്ലാ കുട്ടികളും പരസ്പരം മത്സരിച്ച് കൂടുതൽ നോമ്പുനോൽക്കാൻ ഉത്സാഹിച്ചു. വിഭവസമൃദ്ധമാവുമ്പോഴും സൗകര്യങ്ങൾ വർധിക്കുമ്പോഴും ചില നല്ല ഓർമകൾ കൂടിയാണ് നഷ്ടപ്പെടുന്നതെന്നും കാന്തപുരം ഫേസ്ബുക്കിൽ പങ്കുവച്ച ഓർമക്കുറിപ്പിൽ പറഞ്ഞു.

കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ കുറിപ്പ് പൂര്‍ണമായി വായിക്കാം

കൂടുതൽ നോമ്പ് നോൽക്കുന്നവർക്ക് പെരുന്നാളിന് പുതിയ തുണിയും കുപ്പായവും വാങ്ങിത്തരാമെന്നു വാഗ്ദാനം ചെയ്താണ് ഉപ്പയും ഉമ്മയും ഞങ്ങൾ മക്കളെ നോമ്പുനോൽക്കാൻ പ്രേരിപ്പിച്ചിരുന്നത്. ദീനി വിഷയങ്ങളിൽ നല്ല ജാഗ്രത പുലർത്തിയിരുന്ന വ്യക്തിയായിരുന്നതിനാൽ തന്നെ ചെറുപ്പം മുതലേ എല്ലാ ഇബാദത്തുകളും ചെയ്യാൻ ഉപ്പ ഞങ്ങളെ ശീലിപ്പിച്ചിരുന്നു. അതിന്റെ ഭാഗമാണ് ഈ ഓഫർ. പുതുവസ്ത്രം എന്നത് അക്കാലത്ത് വളരെ അപൂർവമായി ലഭിക്കുന്ന ഒന്നായതിനാൽ തന്നെ ആ ഓഫറിന് വളരെ മൂല്യമുണ്ടായിരുന്നു. അതിനാൽ തന്നെ ഞങ്ങൾ മക്കൾ പരസ്പരം മത്സരിച്ച് കൂടുതൽ നോമ്പുനോൽക്കാൻ ഉത്സാഹിച്ചു.

വ്യവസ്ഥാപിതമായ രൂപത്തിൽ മദ്റസാ സംവിധാനങ്ങളും മറ്റുമില്ലാത്തതിനാലാവാം എല്ലാ കുടുംബങ്ങളിലെയും കുട്ടികൾ അങ്ങനെ ചെറുപ്പത്തിൽ തന്നെ നോമ്പെടുക്കാറൊന്നുമുണ്ടായിരുന്നില്ല. ഇപ്പോഴാ അവസ്ഥക്കൊക്കെ വലിയ മാറ്റം വന്നിട്ടുണ്ടല്ലോ. എന്നാൽ നോമ്പിന്റെ ഭാഗമായുള്ള നനച്ചുളി നടക്കുമ്പോൾ തന്നെ ഉമ്മ ഞങ്ങളെയും അതിന്റെ ഭാഗമാക്കും. സാധനങ്ങളൊക്കെ ഒരുക്കിവെച്ച് വീട് വൃത്തിയാക്കാനൊക്കെ ഞങ്ങളും കൂടും. റമദാൻ എന്നത് സവിശേഷ മാസമാണെന്നും വീടും വസ്ത്രങ്ങളും നിസ്‌കരിക്കുന്ന പുൽപായയുമെല്ലാം കഴുകി വൃത്തിയാക്കുന്നത് അതിന്റെ ഭാഗമാണെന്നും ഞങ്ങളെ ബോധ്യപ്പെടുത്തും. വിശുദ്ധ റമദാൻ മാസത്തോട് മനസ്സിൽ ആദരവ് രൂപപ്പെടുന്നതിന് കുട്ടിക്കാലത്തെ ഇത്തരം രീതികളും ഉപ്പയുടെ സ്‌നേഹം നിറഞ്ഞ ഉപദേശങ്ങളും സഹായകമായിട്ടുണ്ട് എന്നു തോന്നിയിട്ടുണ്ട്.

ഉപ്പയും ഉമ്മയും പുലർച്ചെ അത്താഴത്തിന് എഴുന്നേൽക്കുമ്പോൾ ഞങ്ങളെയും വിളിച്ചുണർത്തും. ചോറോ മറ്റോ കഴിക്കുന്നതിനിടയിൽ ഉമ്മയിങ്ങനെ പറഞ്ഞുതരുന്ന നിയ്യത്ത് ഞങ്ങൾ ഏറ്റുചൊല്ലും. ഇപ്പോഴോർക്കുമ്പോൾ ആ രംഗത്തിനൊക്കെ നല്ല ഭംഗി തോന്നുന്നു. നോമ്പ് നോറ്റു തുടങ്ങുന്ന ആദ്യകാലത്ത് പകൽ മുഴുവൻ അന്നപാനീയങ്ങൾ ഉപേക്ഷിക്കുന്നത് കുട്ടികൾക്ക് പ്രയാസമാവുമല്ലോ. അപ്പോൾ പകലിന്റെ നാലിലൊരു ഭാഗം, അല്ലെങ്കിൽ ഉച്ചവരെ, വൈകുന്നേരം വരെയൊക്കെ ഒന്നും കഴിക്കാതെ വ്രതമനുഷ്ഠിക്കും. വല്ലാതെ വിശന്നാൽ മാത്രമേ മുറിക്കുകയുള്ളൂ. കാൽ നോമ്പ്, അര നോമ്പ്, മുക്കാൽ നോമ്പ് എന്നൊക്കെയാണ് അതിന് പറയുക. അര നോമ്പ് എന്ന നോമ്പൊന്നും ശരിക്ക് ഇല്ലല്ലോ. സ്വീകാര്യവുമല്ല. പക്ഷെ, കുട്ടികളെ നോമ്പ് പരിശീലിപ്പിക്കാനും പരിചയപ്പെടുത്താനും ശരീരവും മനസ്സും വ്രതത്തിനായി പാകപ്പെടുത്താനും അന്നപാനീയങ്ങൾ ഏതാനും സമയം ഉപേക്ഷിച്ചുള്ള ഈ രീതി നല്ലതാണ്. രണ്ടോ മൂന്നോ നാലോ ദിവസം ഇങ്ങനെ ചെയ്യുമ്പോൾ ദിവസം പൂർത്തിയാക്കി യഥാർഥ നോമ്പ് നോൽക്കണമെന്ന് കുട്ടികൾക്ക് തോന്നും. ഞങ്ങളുടെ കുട്ടിക്കാലവും അങ്ങനെയൊക്കെയായിരുന്നു.

ഇന്നത്തെ പോലെ വലിയ നോമ്പുതുറകളൊന്നും അന്നില്ല. പള്ളികളിലും പൊതു നോമ്പുതുറ ഉണ്ടായിരുന്നില്ല. ഓരോരുത്തരും ഉള്ള വിഭവങ്ങൾ കൊണ്ട് സ്വന്തം വീടുകളിൽ നോമ്പ് തുറക്കും. കൂടുതൽ വിഭവങ്ങളുമുണ്ടാവില്ല. പട്ടിണിയും ഞെരുക്കവും ഉള്ള കാലമാണല്ലോ. പക്ഷെ സാമ്പത്തികമായി ഉള്ളവർ അയൽക്കാരും സുഹൃത്തുക്കളുമടങ്ങുന്ന പത്തോ ഇരുപതോ ആളുകളെ നോമ്പ് തുറപ്പിക്കും. അവേലത്ത് സാദാത്തുക്കളുടെ തറവാടു വീട്ടിലെ തുറയാണ് കുട്ടിക്കാലത്ത് വളരെ അപൂർവമായി പങ്കെടുത്ത നോമ്പുതുറകളിൽ ഓർമയിലുള്ളത്. ഇമ്പിച്ചിക്കോയ തങ്ങൾ എന്ന അവേലത്ത് വലിയ തങ്ങളുടെ കാലത്തു തന്നെ നാട്ടുകാരെയെല്ലാം വിളിച്ചുകൂട്ടുന്ന നോമ്പുതുറ നടക്കാറുണ്ട്.

വീട്ടിലെ നോമ്പുതുറക്ക് കപ്പയും പത്തിരിയുമാണ് സാധാരണ ഉണ്ടാവുക. വളരെ മുമ്പ് തന്നെ വിഭവങ്ങൾ ഒരുക്കിവെക്കാനുള്ള ത്രാണിയൊന്നുമില്ലല്ലോ. അതിനാൽ വൈകുന്നേരം ആവുമ്പോഴേക്ക് എന്താണോ കിട്ടുന്നത്, അതാവും തുറക്ക് ഉണ്ടാവുക. കാരക്ക കൊണ്ട് നോമ്പ് തുറക്കലാണ് ശ്രേഷ്ഠം എന്നതിനാൽ തന്നെ എവിടെനിന്നെങ്കിലും ഉണങ്ങിയ കാരക്ക സംഘടിപ്പിക്കും. ഒരു കാരക്ക തന്നെ മൂന്നോ നാലോ ചീന്താക്കിയാണ് ഓഹരിവെക്കുക. ഇങ്ങനെ പത്തു കഷണങ്ങൾ വരെ ആക്കിയത് ഓർമയുണ്ട്. പച്ചയും പഴുത്തതും ഈർപ്പമുള്ളതുമായ പലവിധ ഈത്തപ്പഴവും കാരക്കയും സുലഭമായി കിട്ടുന്ന ഇക്കാലത്ത് അതോർക്കുമ്പോൾ അല്ലാഹു നമുക്ക് കനിഞ്ഞു നൽകിയ അനുഗ്രഹങ്ങൾ എത്ര മഹത്തരമാണെന്ന് ബോധ്യപ്പെടും.

മുതിർന്നവരുടെ കൂടെയാണ് തറാവീഹിനും ജമാഅത്തിനുമൊക്കെ പോയിത്തുടങ്ങുക. ചെറിയ സൂറത്തുകളാണ് തറാവീഹിന് ഇമാമുമാർ ഓതിയിരുന്നത്. ഖുർആൻ ഖത്മ് ചെയ്തുള്ള തറാവീഹ് ഒന്നും അക്കാലത്ത് എവിടെയുമില്ല. കോഴിക്കോട് പുഴവക്കത്തെ പള്ളി എന്നു പറയുന്ന, ഇപ്പോൾ റെയിൽവേ സ്റ്റേഷൻ ഓവർ ബ്രിഡ്ജിന് അടുത്തുള്ള പള്ളിയിലെ ഇമാം മാത്രമാണ് ഈ പരിസരത്ത് അന്ന് ഹാഫിള് ആയുള്ളത്. അദ്ദേഹം ചിലപ്പോൾ ഖിറാഅത്ത് നീട്ടി തറാവീഹ് നിസ്‌കരിക്കും. എന്നാലും ഖത്മ് ചെയ്ത് നിസ്‌കരിക്കാറില്ല. ആളുകളെ കിട്ടില്ല എന്നുതന്നെ കാരണം. കുറച്ചൊക്കെ മുതിർന്നതിന് ശേഷം തറാവീഹിൽ പങ്കുചേരാൻ ആ പള്ളി തിരഞ്ഞുപിടിച്ച് പോയിട്ടുണ്ട്.

കാന്തപുരം കുണ്ടത്തിൽ എൽ.പി സ്‌കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. സ്‌കൂളിൽ തന്നെയുള്ള ഖാരിഅ് അപ്പൻതൊടിക അബ്ദുല്ല മുസ്ലിയാരുടെ ഓത്തുപള്ളിയിലായിരുന്നു മതപഠനവും. അറബി അക്ഷരങ്ങൾ പഠിപ്പിക്കലും ഖുർആൻ പാരായണം ക്രമീകരിക്കലും നിസ്‌കാരം പോലുള്ള ഇബാദത്തുകൾ പരിശീലിപ്പിക്കലുമൊക്കെയാണ് ഓത്തുപള്ളി പഠനത്തിലെ പ്രധാന കാര്യങ്ങൾ. രാവിലെ ഏഴു മുതൽ പത്തുമണി വരെയാണ് സാധാരണ ഓത്തുപള്ളി ഉണ്ടാവുക. അത് കഴിഞ്ഞ് ചെറിയ ഇടവേളക്ക് ശേഷം അവിടെ തന്നെ മറ്റു അധ്യാപകർ സ്‌കൂൾ വിഷയങ്ങളും പഠിപ്പിക്കും. മാപ്പിള സ്‌കൂളായതിനാൽ റമദാനിൽ സ്‌കൂൾ ഉണ്ടാവില്ല. അപ്പോൾ രാവിലെ പത്തുമുതൽ വൈകുന്നേരം നാലുവരെ ഓത്തുപള്ളി ഉണ്ടാവും. ഓരോരുത്തർക്കും വ്യക്തിഗതമായി പ്രത്യേകം ശ്രദ്ധ നൽകി തജ്വീദ് പ്രകാരം ഓത്ത് പരിശീലിപ്പിക്കാനാണ് അബ്ദുല്ല ഉസ്താദ് ഈ സമയം ഉപയോഗപ്പെടുത്തുക. തുടർച്ചയായി എല്ലാവരെയും ഓതിപ്പിക്കും. റമദാൻ സ്‌പെഷ്യലായി മറ്റൊരാൾ കൂടെ ഉസ്താദിനെ സഹായിക്കാനുണ്ടാവും. അവരാണ് ചെറിയ കുട്ടികൾക്ക് കൂട്ടക്ഷരങ്ങൾ പഠിപ്പിക്കുകയും ഓത്ത് ക്രമീകരിക്കുകയും ചെയ്യുക. കൊടിയത്തൂർകാരനായ അബൂബക്കർ മുസ്ലിയാർ, കാന്തപുരം അവേലത്തുള്ള കുഞ്ഞിബ്രാഹീം മുസ്ലിയാർ എന്നിവരൊക്കെയാണ് ഞാനവിടെ പഠിച്ച കാലത്ത് ഇങ്ങനെ റമദാൻ സ്‌പെഷലിസ്റ്റായി വന്ന ഉസ്താദുമാർ. പകൽ മുഴുവനുള്ള റമദാനിലെ ഈ ഖുർആൻ പഠനത്തിനിടയിൽ എല്ലാവരും ളുഹ്ർ ജമാഅത്തായി നിസ്‌കരിക്കും. ജമാഅത്ത് ശീലിക്കാനും നിസ്‌കാരം പരിശീലിക്കാനുമുള്ള അവസരം കൂടിയായിരുന്നു അത്.

ഇരുപത്തിയേഴാം രാവിന് എല്ലാവരും പള്ളിയിൽ ഒരുമിച്ചുകൂടുന്നതാണ് റമദാനിലെ മറ്റൊരു സുന്ദരമായ അനുഭവം. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ഖബ്ർ സിയാറത്തിനൊക്കെ അന്നെല്ലാവരും സമയം കണ്ടെത്തും. വീട്ടിൽ ചക്കരച്ചോറ് പോലുള്ള ചെറിയ ചീരിണി ഉണ്ടാക്കും. കുട്ടികൾക്ക് സകാത്തിന്റെ പൈസയൊക്കെ കിട്ടുന്നതും അന്നാണ്. ബദ്ർ ദിനത്തിന് ആണ്ടാചരണത്തിന്റെ ഭാഗമായി പള്ളിയിൽ നോമ്പുതുറ ഉണ്ടാവും. അന്നുമാത്രമാണ് പള്ളിയിൽ സമൂഹ നോമ്പുതുറ ഉണ്ടായിരുന്നത്. അത്യാവശ്യം സാമ്പത്തിക കഴിവുള്ളവരും 17ന്റെ അന്നാണ് നോമ്പുതുറ സംഘടിപ്പിക്കുക. നേരത്തെ പറഞ്ഞ അവേലത്തെ നോമ്പ് തുറയും 17നായിരുന്നു.

Full View

രാവിലെ അത്താഴത്തിന് വിളിച്ചുണർത്തുന്നത് മുതൽ ഇരുട്ടിൽ തപ്പിത്തടഞ്ഞ് തറാവീഹിന് പോവുന്നതുവരെയുള്ള അനേകം നല്ല ഓർമകളുടെ കാലമായിരുന്നു കുട്ടിക്കാലത്തെ റമദാൻ. പൂർണമായി നോറ്റുവീട്ടാനുള്ള മത്സരവും അപ്പൻതൊടിക അബ്ദുല്ല ഉസ്താദിന്റെ ഖുർആൻ പരിശീലനവും ഓത്തുപള്ളിയിലെ ളുഹ്ർ ജമാഅത്തും ചെറുതെങ്കിലും വിഭവങ്ങൾക്കായുള്ള കാത്തിരിപ്പുമെല്ലാം അക്കാലത്തെ നനവുള്ള ഓർമകളാണ്. വിഭവസമൃദ്ധമാവുമ്പോഴും സൗകര്യങ്ങൾ വർധിക്കുമ്പോഴും ചില നല്ല ഓർമകൾ കൂടിയാണ് നഷ്ടപ്പെടുന്നതെന്ന് തോന്നുന്നു, ഇതെല്ലാം ഓർക്കുമ്പോൾ.

Summary: Kanthapuram AP Abubakar Musliyar shares his childhood Ramadan memories

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News