മുസ്‌ലിം ലീഗുമായുള്ള സഹകരണം; കാന്തപുരത്തിന്റെ പ്രസ്താവന ചർച്ചയാകുന്നു
മുസ്‌ലിം ലീഗ് നേതാക്കളായ പി.കെ അബ്ദുറബ്ബ്, അബ്ദുറഹ്മാൻ രണ്ടത്താണി, ടി.വി ഇബ്രാഹീം എം.എൽ.എ തുടങ്ങിയവർ കാന്തപുരത്തിന്റെ പ്രസ്താവനയെ അനുകൂലിച്ച് രംഗത്തെത്തി.
കോഴിക്കോട്: സുന്നി ഐക്യത്തെ കുറിച്ചും മുസ്‌ലിം ലീഗുമായുള്ള സഹകരണത്തെ കുറിച്ചും കാന്തപുരം എ.പി അബൂബക്കൽ മുസ്‌ലിയാർ നടത്തിയ പ്രസ്താവന സമസ്തയിലും ലീഗിലും ചർച്ചയാകുന്നു. മുസ്‌ലിം ലീഗ് നേതാക്കളായ പി.കെ അബ്ദുറബ്ബ്, അബ്ദുറഹ്മാൻ രണ്ടത്താണി, ടി.വി ഇബ്രാഹീം എം.എൽ.എ തുടങ്ങിയവർ കാന്തപുരത്തിന്റെ പ്രസ്താവനയെ അനുകൂലിച്ച് രംഗത്തെത്തി.
മുസ്‌ലിം ലീഗിനും കാന്തപുരം വിഭാഗത്തിനും ഇടയിലുണ്ടായ അകൽച്ച മാറ്റാൻ സഹായിക്കുന്നതാണ് ഈ നിലപാടെന്നാണ് ലീഗ് വിലയിരുത്തൽ. സുന്നി സംഘടനകളുടെ ഐക്യമെന്ന നടപടിയിലേക്ക് പോകാൻ കാന്തപുരത്തിന്റെ പുതിയ നിലപാടുകൾ സഹായിക്കുമെന്നാണ് സമസ്ത നേതാക്കൾക്കിടയിലെ ചർച്ച.
സമുദായത്തിനകത്തും, സമുദായങ്ങൾ തമ്മിലും വിള്ളലുകൾ വീഴാതെ കാത്തു സൂക്ഷിക്കേണ്ട ബാധ്യത മതപണ്ഡിതൻമാർക്കുണ്ട്. ശൈഖുന കാന്തപുരം ആ കടമ നിറവേറ്റിയിരിക്കുന്നു. സമുദായ ഐക്യത്തിന് കരുത്തും, ഊർജവും നൽകുന്ന ശൈഖുന കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ നിലപാടിനെ സഹർഷം സ്വാഗതം ചെയ്യുന്നു - പി.കെ അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചു
നാട് കേൾക്കാൻ കൊതിച്ച മനോഹരമായ വാക്കുകൾ സാമുദായിക ഹൈക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ശൈഖുന കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ നിലപാടിനെ സുസ്വാഗതം ചെയ്യുന്നു. ചെറിയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ വലിയ അകലം സൂക്ഷിക്കേണ്ടവരല്ല സമുദായ സംഘടനകൾ. ഐക്യത്തോടെ മുന്നോട്ടു പോയാൽ സമൂഹത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കാനും , പല നന്മയുള്ള സംരംഭങ്ങൾക്കും അതു തൂടക്കമാകുകയും ചെയ്യും. സമുദായത്തിലെ വിവിധ ചിന്താധാരകളിലെ സംഘടനാ നേതാക്കളെയും സർഗാത്മക രംഗത്തും, വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരെയും അണിനിരത്തി ഒറ്റക്കെട്ടായി മുന്നോട്ട് പോകാൻ സർശക്തൻ അനുഗ്രഹിക്കട്ടെ - ടി.വി ഇബ്രാഹീം എം.എൽ.എ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ നടത്തിയ സൗഹൃദസംഗമത്തിൽ കാന്തപുരം പങ്കെടുത്തിരുന്നു. പൗരത്വ പ്രക്ഷോഭം അടക്കമുള്ള വിഷയങ്ങളിലും ലീഗുമായി സഹകരിക്കാൻ കാന്തപുരം വിഭാഗം തയ്യാറായിരുന്നു. ഈ ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ് കാന്തപുരത്തിന്റെ നിലപാടെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തൽ.