'കാപികോ റിസോർട്ട് ഈമാസം 28ന് മുമ്പ് തന്നെ പൊളിച്ച് നീക്കും'; അടിയന്തരയോഗം ചേർന്ന് ജില്ലാഭരണകൂടം
എല്ലാ കെട്ടിടങ്ങളും പൊളിക്കണമെന്ന് സുപ്രിംകോടതി അന്ത്യശാസനം നൽകിയിരുന്നു
ആലപ്പുഴ: കാപികോ റിസോർട്ട് പൊളിക്കുന്നതിനായി ജില്ലാഭരണൂടം അടിയന്തര യോഗം വിളിച്ചു. റിസോർട്ടിലെ എല്ലാ കെട്ടിടങ്ങളും പൂർണമായും പൊളിക്കണമെന്ന സുപ്രിംകോടതിയുടെ കർശന നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം. ഈ മാസം 28ന് മുമ്പ് തന്നെ കെട്ടിടം പൊളിച്ചുനീക്കുമെന്ന് നോഡൽ ഓഫീസറും സബ് കലക്ടറുമായ സൂരജ് ഷാജി പറഞ്ഞു. പൊളിക്കൽ നടപടിയിൽ മെല്ലെപ്പോക്ക് ഉണ്ടായിട്ടുണ്ട്. കൂടുതൽ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ടെന്നും സബ് കലക്ടർ പറഞ്ഞു. കായലിൽ ദ്വീപിലുള്ള റിസോർട്ട് ആയതിനാൽ പരിമിതി ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
'കായലിന് നടുവിലായതിനാൽ സ്ഫോടനത്തിലൂടെ റിസോർട്ട് പൊളിക്കാനാകില്ല. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തൊഴിലാളികളാണ് പൊളിക്കുന്നത്. കായൽ മലിനമാക്കരുതെന്ന് നിർദേശമുള്ളതിനാൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിരീക്ഷണത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്'. മെല്ലെപ്പോക്കിന് കാരണം ഇതാണെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.
കെട്ടിടം പൂ ർണമായും പൊളിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ കോടതി നടപടിയുണ്ടാകുമെന്നും സുപ്രിംകോടതി മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളിയാഴ്ചക്കകം ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തീരദേശ പരിപാലന ചട്ടലംഘനം ചൂണ്ടിക്കാട്ടി പാണാവള്ളിയിലെ മത്സ്യത്തൊഴിലാളികൾ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് കെട്ടിടം പൊളിച്ചു കളയണമെന്ന് കോടതി ഉത്തരവിട്ടത്.
11 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന 54 റിസോർട്ടുകളാണ് പൊളിച്ചുനീക്കാനാണ് സുപ്രിംകോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. 2020 ലായിരുന്നു ഇത്. എന്നാൽ പിന്നീട് കോവിഡ് മഹാമാരി കാരണം നടപടി നീണ്ടുപോവുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം നൽകിയത്.