അഖിൽ വധം: പ്രതികളെ സഹായിച്ചെന്ന് കരുതുന്ന മൂന്ന് പേർ കസ്റ്റഡിയിൽ
ഹരിലാൽ, കിരൺ, കിരൺ കൃഷ്ണ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
തിരുവനന്തപുരം: കരമനയിലെ അഖിലിന്റെ കൊലപാതകത്തിൽ പ്രതികളെ സഹായിച്ചെന്ന് കരുതുന്ന മൂന്ന് പേർ കസ്റ്റഡിയിൽ. തിരുവനന്തപുരം സ്വദേശികളായ ഹരിലാൽ, കിരൺ, കിരൺ കൃഷ്ണ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കൃത്യത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു. അഖിലിനെ കൊലപ്പെടുത്താൻ എത്തിയ ഇന്നോവ വാഹനം ഓടിച്ച ഡ്രൈവർ അനീഷ് നേരത്തെ പിടികൂടിയിരുന്നു. ബലരാമപുരത്ത് നിന്നാണ് ഇയാൾ പിടിയിലായത്. അഖിലിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. വിനീത്, അനീഷ്, അപ്പു, കിരൺ കൃഷ്ണ എന്നിവരാണ് പ്രതികൾ. നാലുപേരും 2019ലെ കരമന അനന്തു വധക്കേസിലെ പ്രതികളാണ്. സമാനമായ കൊലപാതകമായിരുന്നു അന്നും നടന്നത്.
പ്രതികൾ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വാടകയ്‌ക്കെടുത്ത ഇന്നോവ കാറാണ് കസ്റ്റഡിയിലെടുത്തത്. വിഴിഞ്ഞത്തുനിന്നാണ് കാർ വാടകയ്‌ക്കെടുത്തത്. പ്രതികൾ ലഹരി ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്ഥിരം ലഹരി ഉപയോഗിക്കുന്ന സംഘമാണെന്നും പൊലീസ് പറഞ്ഞു. കൃത്യം നടത്തിയ സംഘത്തിലുണ്ടായിരുന്ന കിരൺ കൃഷ്ണയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമികൾ അനന്തു വധക്കേസ് പ്രതികളെന്നു വ്യക്തമായിട്ടുണ്ട്. ബാറിലെ തർക്കത്തിലെ വൈരാഗ്യമാണ് അതിക്രൂരമായ കൊലപാതകത്തിലേക്കു നയിച്ചതെന്നാണു വിവരം. കമ്പിവടിയും കല്ലും ഉപയോഗിച്ചാണ് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്.