ഫസല്‍ വധക്കേസ്; സി.ബി.ഐ തുടരന്വേഷണ റിപ്പോർട്ട് തള്ളി പ്രതി കാരായി രാജൻ

സി.ബി.ഐ അന്വേഷണത്തിൽ അപാകതയുണ്ടെന്നും നീതിപീഠത്തിൽ വിശ്വാസമുണ്ടെന്നും കാരായി രാജൻ മീഡിയവണിനോട് പറഞ്ഞു

Update: 2021-11-05 06:58 GMT
Advertising

തലശേരി ഫസൽ വധക്കേസിലെ സി.ബി.ഐ റിപ്പോർട്ട് തെറ്റാണെന്ന് പ്രതി കാരായി രാജൻ. മൊഴി നൽകുന്നതിന് രണ്ട് വർഷം മുമ്പെ ലഭിച്ച സുബീഷിന്റെ ഫോൺ സംഭാഷണത്തിൽ ശബ്ദ പരിശോധനയും ശാസ്ത്രീയ പരിശോധനയും നടത്തുന്നില്ല. അന്ന് ലഭിച്ച സംഭാഷണം സുബീഷ് ആരുടെ സമ്മർദത്തിലാണ് പറഞ്ഞതെന്നും രാജന്‍ ചോദിക്കുന്നു. നീതിക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്നും നീതിപീഠത്തിൽ വിശ്വാസമുണ്ടെന്നും കാരായി രാജൻ മീഡിയവണിനോട് പറഞ്ഞു. 

ഫസൽ വധക്കേസിലെ തുടരന്വേഷണ റിപ്പോർട്ട് സി.ബി.ഐ കോടതിയില്‍ സമർപ്പിച്ചിരുന്നു. ഫസലിന്റെ വധത്തിന് പിന്നിൽ ആർ.എസ്.എസ്സാണെന്ന ആരോപണം ശരിയല്ലെന്നും ആര്‍.എസ്.എസ്സാണെന്ന സുബീഷിന്റെ വെളിപ്പെടുത്തൽ കസ്റ്റഡിയിൽവെച്ച് പറയിപ്പിച്ചതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൊടി സുനിയും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്നും സി.പി.എം നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനും പങ്കുണ്ടെന്നും തുടരന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഇതോടെ ആദ്യ അന്വേഷണ റിപ്പോർട്ട് ശരിയാണെന്നാണ് സി.ബി.ഐ വിലയിരുത്തല്‍. 

സിബിഐ റിപ്പോർട്ടിനെ അംഗീകരിക്കുന്നുവെന്ന് ഫസലിന്‍റെ സഹോദരി റംല പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലാത്തത് കൊണ്ടാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും വ്യക്തമാക്കി. എന്നാല്‍, സി.ബി.ഐയുടെ കണ്ടെത്തലുകള്‍ തെറ്റാണെന്ന നിലപാടിലാണ് ഫസലിന്‍റെ സഹോദരന്‍ അബ്ദു റഹ്മാന്‍. സുബീഷ് കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങളുണ്ടായിട്ടും ഇത്തരത്തിലുള്ള റിപ്പോർട്ട് സമർപ്പിച്ചതെന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അഭിഭാഷകനുമായി കൂടിയാലോചിച്ച് തുടര്‍ നടപടികളെടുക്കുമെന്നും അദ്ദേഹം മീഡിയവണിനോട് പ്രതികരിച്ചു. 

അതേസമയം, ഫസല്‍ വധക്കേസിലെ  ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവനുവദിച്ചതോടെ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഇന്ന് ജന്മനാടായ തലശ്ശേരിയിലേക്ക് മടങ്ങും. എറണാകുളം ജില്ല വിട്ട് പോകരുതെന്ന ഉപാധിയെത്തുടര്‍ന്ന് ഇരുവരും ഇരുമ്പനത്തായിരുന്നു ഇതുവരെ താമസം. സി.പി.എം തലശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തലശ്ശേരി റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം അഞ്ചിന് ഇരുവര്‍ക്കും സ്വീകരണം നല്‍കും. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായി സഹോദരങ്ങള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് സി.ബി.ഐ. ചുമത്തിയത്. ഇരുവരും 2012 ജൂണ്‍ 22-ന് എറണാകുളം മജിസ്‌ട്രേറ്റ് കോടതിമുമ്പാകെ ഹാജരായിരുന്നു. തുടര്‍ന്ന് ഒന്നരവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം 2013 നവംബര്‍ എട്ടിനാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News