മോൻസന്റെ പക്കൽ കരീന കപൂറിന്റെ പോർഷെ കാറും; ഇപ്പോൾ പൊലീസ് സ്റ്റേഷനിൽ

പോർഷെ ബോക്സ്റ്റർ കാറിന്റെ രജിസ്ട്രേഷൻ കരീനയുടെ പേരിൽ നിന്ന് മറ്റാരുടേയും പേരിലേക്ക് മാറ്റിയിട്ടില്ല.

Update: 2021-09-30 06:54 GMT
Editor : abs | By : Web Desk
Advertising

കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിന്റെ പക്കൽ ബോളിവുഡ് നടി കരീന കപൂറിന്റെ പേരിൽ രജിസ്റ്റർ ചെയ്ത പോർഷെ കാറും. ഒരു വർഷമായി ചേർത്തല പൊലീസ് സ്റ്റേഷൻ കോംപൗണ്ടിൽ പൊടിപിടിച്ചു കിടക്കുകയാണ് പോർഷെ ബോക്സ്റ്ററെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസിനെത്തുടർന്നാണ് കാർ പോലീസ് പിടിച്ചെടുത്തത്.

ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസിൽ ഇരുപതോളം കാറുകളാണ് മോൻസന്റെ പക്കൽനിന്ന് പോലീസ് പിടിച്ചെടുത്തത്. അതിൽ ഒരു കാറാണ് കരീന കപൂറിന്റെ പേരിലുള്ള രജിസ്ട്രേഷനിൽ ഇപ്പോഴും തുടരുന്നത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ഈ കാറിന്റെ രജിസ്ട്രേഷൻ ഇതുവരെ മാറ്റാത്തത് എന്തു കൊണ്ടെന്നതിൽ വ്യക്തതയില്ല. 2007ൽ  മുംബൈയിൽ രജിസ്റ്റർ ചെയ്തതാണ് വാഹനം. കരീന കപൂറിന്റെ മുംബൈയിലുള്ള വിലാസത്തിലാണ് കാറിന്റെ രജിസ്ട്രേഷനുള്ളത്.

മോൻസന്റെ വീട്ടിലും ചേർത്തല പോലീസ് സ്റ്റേഷനിലും കലൂരിലുമടക്കം കിടക്കുന്ന വാഹനങ്ങൾ എല്ലാം പല സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തവയാണ്. ഇവയിൽ മിക്കതിനും കൃത്യമായ രേഖകളില്ല എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ സ്റ്റേഷൻ കോംപൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന പോർഷെ ബോക്സ്റ്റർ കാറിന്റെ രജിസ്ട്രേഷൻ കരീനയുടെ പേരിൽ നിന്ന് മറ്റാരുടേയും പേരിലേക്ക് മാറ്റിയിട്ടില്ല. 

മോൻസന്റെ പക്കലുള്ള പല ആഡംബരക്കാറുകളും രൂപമാറ്റം വരുത്തിയവയാണ് എന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മിത്സുബിഷിയുടെ കാർ പ്രാദേശിക വർക്ക്ഷോപ്പിൽ രൂപമാറ്റം വരുത്തിയാണ് ഫെറാറി ഉണ്ടാക്കിയതെന്നും പൊലീസ് പറയുന്നു.

എല്ലാം വെറും തള്ള്

കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൻ ഇടപാടുകാരെ വിശ്വസിപ്പിക്കാൻ മുഞ്ചാസൻ കഥകളെ വെല്ലുന്ന ബഡായികളാണ് പറഞ്ഞുകൊണ്ടിരുന്നതെന്നാണ് ഓരോ ദിവസവും പുറത്തുവരുന്ന തെളിവുകൾ പറയുന്നത്. ഏറ്റവും പുതിയതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മോൻസൻ മാവുങ്കലിന് പാസ്‌പോർട്ട് ഇല്ല എന്ന് വ്യക്തമായിരിക്കുകയാണ്. നൂറ് രാജ്യങ്ങൾ സന്ദർശിച്ചിരുന്നു എന്ന് പലരോടും മോൻസൻ അവകാശപ്പെട്ടിരുന്ന സംഭവം വെറും നുണക്കഥയാണെന്ന് ഇതോടെ തെളിഞ്ഞു.

എല്ലാം തള്ളായിരുന്നുവെന്ന് മോൻസൻ ഒടുവിൽ ക്രൈബ്രാഞ്ചിനോട് തന്നെ വെളിപ്പെടുത്തി. പണം മുടക്കിയവരോട് താൻ പറഞ്ഞതെല്ലാം വെറും തള്ളായിരുന്നു. പുരാവസ്തു തട്ടിപ്പിലൂടെ ലഭിച്ച പണമെല്ലാം ധൂർത്തടിച്ചു. താൻ പറഞ്ഞ പൊള്ളത്തരങ്ങൾ കേട്ടാണ് പലരും പണം മുടക്കിയത്. തൻറെ കൈവശമുള്ളത് ആയിരത്തിൽ താഴെ മാത്രം രൂപയാണ്. കിട്ടിയ പണമെല്ലാം 'പുരാവസ്തുക്കൾ' വാങ്ങി തീർത്തു. പാസ്‌പോർട്ട് പോലും തനിക്കില്ല അതിനാൽ വിദേശയാത്രയും നടത്തിയിട്ടില്ല. പാസ്‌പോർട്ട് പോലും കൈയ്യിലില്ലാതെയാണ് പ്രവാസി സംഘടന രക്ഷാധികാരിയായത്. പരാതിക്കാർക്ക് ആഡംബരക്കാറുകൾ വാങ്ങി നൽകിയെന്നും മോൻസൻ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. യാക്കൂബിനും അനൂപിനുമാണ് കാറുകൾ നൽകിയത്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News