കരിപ്പൂർ വിമാനപകടം; ദുരിതം തീരാതെ ഒരു വർഷം
അപകടത്തിൽ ജീവൻ രക്ഷപ്പെട്ടെങ്കിലും മലപ്പുറം പൊന്നാനി അയിരൂർ സ്വദേശിയായ ഷെരീഫിന്‍റെ ജീവിതം തകിടം മറിഞ്ഞു
കരിപ്പൂർ വിമാനദുരന്തത്തിന് ഒരാണ്ട് തികയുമ്പോഴും അപകടത്തെ അതിജീവിച്ച പലരും തീരാവേദനയിലാണ്. അപകടത്തിൽ ജീവൻ രക്ഷപ്പെട്ടെങ്കിലും മലപ്പുറം പൊന്നാനി അയിരൂർ സ്വദേശിയായ ഷെരീഫിന്‍റെ ജീവിതം തകിടം മറിഞ്ഞു. ഇപ്പോഴും ചികിത്സ തുടരുന്ന ഷെരീഫ്, ചികിത്സ പൂർത്തിയായാലും തുടർ ജീവിതം എങ്ങനെ എന്ന ആശങ്കയിലാണ്.
21 പേരുടെ ജീവനെടുത്ത കരിപ്പൂർ അപകടത്തിൽ 100 ലേറെ പേർക്കാണ് പരിക്കേറ്റത്. മരണമുഖത്ത് നിന്ന് ജീവൻ തിരികെ ലഭിച്ചങ്കിലും ആ ദിനം പൊന്നാനി അയിരൂർ സ്വദേശി ഷെരീഫിന്‍റെ ജീവിതം തകിടം മറിച്ചു. കാലിനേറ്റ മുറിവും പൊട്ടലും ഇനിയും മാറിയിട്ടില്ല. ശസ്‌ത്രക്രിയകൾ ഇപ്പോഴും തുടരുകയാണ്. മുറിഞ്ഞു തൂങ്ങിയ ഇടതു കാൽപാദം തുന്നിച്ചേർത്തങ്കിലും കാൽപാദത്തിന് ഇനി ചലന ശേഷിയുണ്ടാകില്ല.
ചികിത്സാ ചെലവുകൾ എയർ ഇന്ത്യയാണ് വഹിക്കുന്നത്. പക്ഷേ എയർ ഇന്ത്യയുമായുള്ള നഷ്ട പരിഹാര ചർച്ചകൾ അന്തിമമായില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ധനസഹായവും ലഭിച്ചില്ല. ഗൾഫിൽ സലൂണിൽ ജോലി ചെയ്തിരുന്ന ഷെരീഫിന് അപകടത്തിന് ശേഷം ജീവിതവും വഴിമുട്ടി. ബാങ്ക് ലോണുകളും പ്രതിസന്ധികളും ഏറെയുള്ള ഷെരീഫിന് നഷ്ടപരിഹാരമാണ് ഏക പ്രതീക്ഷ.