കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; മുൻ മന്ത്രി എ.സി മൊയ്തീന് വീണ്ടും ഇ.ഡി നോട്ടീസ്

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ആദ്യത്തെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു

Update: 2023-09-05 15:24 GMT
Advertising

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ മുൻ മന്ത്രി എ.സി മൊയ്തീന് വീണ്ടും ഇ.ഡി നോട്ടീസ്. ഈ മാസം 11ന് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. നേരത്തെ രണ്ട് പ്രാവശ്യം നോട്ടീസ് നൽകിയിട്ടും മൊയ്തീൻ ഹാജരായിരുന്നില്ല.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ആദ്യത്തെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. മുൻമന്ത്രി എ.സി മൊയ്തീന്റെ ബിനാമി എന്ന് പറയപ്പെടുന്ന സതീഷ് കുമാർ, ബാങ്ക് മുൻജീവനക്കാരൻ പി.പി. കിരൺ എന്നിവരെയാണ് ഇ.ഡി ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് പി.എം.എൽ.എ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇരുവരെയും വെള്ളിയാഴ്ച വരെ ഇ. ഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. രണ്ടാം പ്രതി പി.പി. കിരൺ 24 കോടി രൂപ ബാങ്കിൽ നിന്ന് തട്ടിയെടുത്ത് അതിൽ 14 കോടി സതീഷ് കുമാറിന് കൈമാറിയതായുമാണ് ഇ.ഡിയുടെ കണ്ടെത്തൽ. സതീഷ് കുമാറിന് ഉന്നത സ്വാധീനമുള്ള വ്യക്തികളുമായി അടുത്ത ബന്ധമെന്നും ഇ.ഡി ആരോപിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ വിശദമായി ചോദ്യം ചെയ്തതിനു പിന്നാലെയാണ് സതീഷ് കുമാറിന്‍റെയും പി.പി കിരണിന്‍റെയും അറസ്റ്റ് നടന്നത്. തട്ടിപ്പില്‍ കിരണ്‍ ഇടനിലക്കാരനാണെന്നാണ് ഇ.ഡി പറയുന്നത്. തട്ടിയെടുത്ത ലോണുകൾ കൈകാര്യം ചെയ്തതും തട്ടിപ്പിനു നിർദ്ദേശങ്ങൾ നൽകിയതും സതീഷ് കുമാർ ആണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. പല പ്രാദേശിക സി.പി.എം നേതാക്കളുമായി സതീഷ് കുമാറിന് അടുത്ത ബന്ധമാണുള്ളതെന്നും ഇ.ഡി പറയുന്നു. വരുംദിവസങ്ങളിൽ ഇവരെയും ചോദ്യംചെയ്യും.

ബാങ്കിലെ മുൻ ജീവനക്കാരനായ പി.പി കിരൺ 14 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. കേസിൽ കൂടുതൽ പ്രതികളുടെ അറസ്റ്റ് വൈകാതെ ഉണ്ടാകുമെന്നും സൂചനയുണ്ട്. അതിനിടെ രണ്ടു തവണ നോട്ടിസ് നൽകിയിട്ടും ചോദ്യംചെയ്യലിന് ഹാജരാകാതിരുന്ന എ.സി മൊയ്തീന് വീണ്ടും നോട്ടിസ് അയക്കുന്ന കാര്യത്തിലും ഇന്നു തീരുമാനമുണ്ടാകും. ഇക്കാര്യത്തിൽ മുന്‍ മന്ത്രിക്കു സാവകാശം നൽകേണ്ടതില്ലെന്നാണ് ഇ.ഡിയുടെ നിലപാട്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News