കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ബാങ്ക് മുൻ അക്കൗണ്ടന്‍റ് സി.കെ ജിൽസ് അറസ്റ്റിൽ

സി.പി.എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി.ആർ അരവിന്ദാക്ഷനെ നേരത്തെ ഇ.ഡി കസ്റ്റഡിയിലെടുത്തിരുന്നു

Update: 2023-09-26 12:51 GMT
Advertising

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്‍റ് സി.കെ ജിൽസ് അറസ്റ്റിൽ. സി.പി.എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി.ആർ അരവിന്ദാക്ഷനെ നേരത്തെ ഇ.ഡി കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരെയും ഇന്ന് രാത്രിയോടെ ഒന്നിച്ച് കോടതിയിൽ ഹാജരാക്കും.

കരുവന്നൂർ വായ്പാ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിലും സി.കെ ജിൽസ് പ്രതിയായിരുന്നു. ഈ കേസിൽ അറസ്റ്റിലായ ജിൽസ് ജാമ്യത്തിലിറങ്ങിയ ശേഷം താൻ നിരപരാധിയാണെന്നും ബാങ്ക് സെക്രട്ടറിയും ഭരണസമിതിയും പറഞ്ഞതനുസരിച്ചാണ് താൻ പ്രവർത്തിച്ചതെന്നും വ്യക്തമാക്കിയിരുന്നു.

കേസിൽ നിലവിൽ സനീഷ് കുമാറിന്‍റെ ഭാര്യ ബിന്ദു, തൃശൂർ സഹകരണ ബാങ്ക് സെക്രട്ടറി എം.പി.വിനു എന്നിവരെ ചോദ്യം ചെയ്ത് വരികയാണ്.

നേരത്തെ, ചോദ്യം ചെയ്യലിനിടെ ഇ.ഡി ഉദ്യോഗസ്ഥർ മർദിച്ചെന്ന് അരവിന്ദാക്ഷൻ പരാതി നൽകിയിരുന്നു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി കസ്റ്റഡിയിലെടുക്കുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് അരവിന്ദാക്ഷൻ. മുൻ മന്ത്രിയും എം.എൽ.എയുമായ എ.സി മൊയ്തീൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.കെ കണ്ണൻ എന്നിവരെ കേസുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്തിരുന്നു.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി കൂടുതൽ കടുത്ത നടപടിയിലേക്ക് നീങ്ങുന്നു എന്നതിന്റെ സൂചനയാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്. ഇ.ഡി ഉദ്യോഗസ്ഥർ മർദിച്ചെന്ന അരവിന്ദാക്ഷന്റെ പരാതിയിൽ പൊലീസ് കൊച്ചി ഇ.ഡി ഓഫീസിൽ പരിശോധന നടത്തിയിരുന്നു.

പരമാവധി തെളിവുകൾ ശേഖരിച്ച ശേഷമാണ് അരവിന്ദാക്ഷന്റെ അറസ്റ്റിലേക്ക് ഇ.ഡി നീങ്ങുന്നത് എന്നാണ് സൂചന. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനത്തെ സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News