കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സി.പി.എമ്മിൽ എട്ടുപേർക്കെതിരെ നടപടി
നാലു പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. രണ്ടു ജില്ലാ കമ്മറ്റി അംഗങ്ങളെ ഏരിയ കമ്മറ്റിയിലേക്ക് തരംതാഴ്ത്തി.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കൂട്ട നടപടിയുമായി സി.പി.എം. എട്ടു പേർക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചു. നാലു പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ബാങ്ക് പ്രസിഡന്റായിരുന്ന കെ.കെ ദിവാകരൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സുനിൽ കുമാർ, ബിജു കരീം, പാർട്ടി അംഗം ജിൽസ് എന്നിവരെയാണ് പുറത്താക്കിയത്. ഇന്നു ചേര്‍ന്ന സി.പിഎം ജില്ലാ സെക്രട്ടേറിയറ്റിലാണ് തീരുമാനം.
ഉല്ലാസ് കളക്കാട്ട്, കെ.ആര്‍ വിജയ എന്നിവരെ ജില്ലാ കമ്മറ്റിയില്‍ നിന്ന് ഏരിയ കമ്മറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറിയായ കെ.സി പ്രേമരാജനെ തല്‍സ്ഥാനത്ത് നിന്നു മാറ്റി. തട്ടിപ്പില്‍ പ്രതികളായ ബാങ്ക് ജീവനക്കാരെ പുറത്താക്കി. മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.കെ ചന്ദ്രനെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യാനും തീരുമാനമായി. ജാഗ്രതക്കുറവുണ്ടായെന്ന് ചൂണ്ടിക്കാട്ടി എ.സി മൊയ്തീനെയും ബേബി ജോണിനെയും യോഗം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
കേസില്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ സഹകരണ വകുപ്പ് ഇതിനോടകം നടപടി ആരംഭിച്ചിട്ടുണ്ട്. സെക്ഷൻ 68 പ്രകാരമുള്ള നടപടി പൂർത്തിയാകാൻ രണ്ടു മാസമെടുക്കും. പ്രതികളുടെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ചും പരിശോധന തുടങ്ങി. 104 കോടി രൂപയുടെ നഷ്ടമാണ് ബാങ്കിനുണ്ടാക്കിയിരിക്കുന്നതെന്ന റിപ്പോർട്ടാണ് ജോയിന്റ് രജിസ്ട്രാര്‍ നല്‍കിയത്. റിപ്പോർട്ടിൽ വിട്ടുപോയ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി പുതിയ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടുവെന്ന് സഹകരണ രജിസ്ട്രാർ വ്യക്തമാക്കി.
അതേസമയം, നിക്ഷേപം പിൻവലിക്കാൻ ഇന്ന് ആളുകൾ കൂട്ടത്തോടെ ബാങ്കിന് മുന്നിലെത്തിയിരുന്നു. ഒടുവില്‍ പൊലീസെത്തിയാണ് ആൾക്കൂട്ടത്തെ നിയന്ത്രിച്ചത്. തട്ടിപ്പിൽ സി.പി.എം ഉന്നത നേതൃത്വത്തിന് പങ്കുണ്ടെന്നാരോപിച്ച് യൂത്ത് കോൺഗ്രസ്, യുവ മോർച്ച പ്രവർത്തകർ ബാങ്കിലേക്ക് പ്രതിഷേധവുമായെത്തി. കസ്റ്റഡിയിലുള്ള പ്രതികളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുവരികയാണ്.