കരുവന്നൂരിന് പുറമേ സിപിഎം നിയന്ത്രണത്തിലുള്ള മറ്റ് ബാങ്കുകളിലും തട്ടിപ്പ് നടന്നു: ഇ.ഡി
വായ്പ തട്ടിപ്പ് നടത്താൻ ഒന്നാം പ്രതി സതീഷ് കുമാറിന് ഉന്നത രാഷ്ട്രീയ നേതാക്കളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സഹായം ലഭിച്ചെന്നും ഇ.ഡി
എറണാകുളം: കരുവന്നൂരിന് പുറമേ മറ്റ് ബാങ്കുകളിലും തട്ടിപ്പ് നടന്നെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വായ്പ തട്ടിപ്പുകൾ നടന്നത് സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കുകളില്‍. കരുവന്നൂരില്‍ വായ്പ തട്ടിപ്പ് നടത്താൻ ഒന്നാം പ്രതി സതീഷ് കുമാറിന് ഉന്നത രാഷ്ട്രീയ നേതാക്കളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സഹായം ലഭിച്ചു. വായ്പ തിരിച്ചടവ് മുടങ്ങിയ ആളുകളെ കണ്ടെത്താൻ സതീഷ് കുമാറിന് ഏജന്റുകൾ ഉണ്ടായിരുന്നുവെന്നും ഇ.ഡി പറയുന്നു. കൊച്ചി പ്രത്യേക കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇ.ഡി ഇക്കാര്യം അറിയിച്ചത്.
അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തൃശൂർ അയ്യന്തോൾ സഹകരണ ബാങ്കില്‍ 25 മണിക്കൂർ നീണ്ട റെയ്ഡാണ് ഇ.ഡി നടത്തിയത്. ബാങ്കിന് ഒന്നും ഒളിച്ചുവെക്കാനില്ലെന്നും എല്ലാം സുതാര്യമാണെന്നും അയ്യന്തോൾ ബാങ്ക് പ്രസിഡൻ്റ് എൻ രവീന്ദ്രനാഥൻ മീഡിയവണിനോട് പറഞ്ഞു. റെയ്ഡിന് ബാങ്ക് പൂർണ്ണമായും സഹകരിച്ചു. എന്നാൽ ഇ.ഡി ജീവനക്കാരെ ബുദ്ധിമുട്ടിച്ചെന്നും രവീന്ദ്രനാഥൻ കൂട്ടിച്ചേർത്തു.
സതീഷ് കുമാറിന്റെ അക്കൗണ്ട് വിവരങ്ങൾ പൂർണമായും ഇ.ഡി പരിശോധിച്ചുവെന്ന് എൻ രവീന്ദ്രനാഥൻ. ഇഡി ആരോപിക്കുന്ന ഇടപാടുകൾ നടന്ന് ഒന്നര വർഷത്തേതാണ്. നോട്ടു നിരോധനത്തിനു മുൻപ് നടന്ന ഇടപാടുകളാണിത്. 40 കോടിയുടെ കണക്കുകൾ എങ്ങിനെ വന്നുവെന്നറിയില്ല. ക്രെഡിറ്റ്സും ഡെബിറ്റ്സും ഒരുമിച്ചു നോക്കിയാലും അത്രയും ഉണ്ടാകില്ലെന്നും എൻ രവീന്ദ്രനാഥൻ പറഞ്ഞു. സതീഷ് ഒരു ദിവസം 24 തവണ ഡെപ്പോസിറ്റ് ചെയ്തിരുന്നു. ഇൻസ്റ്റാൾമെന്റ് അടയ്ക്കുന്നത് നിഷേധിക്കാൻ ബാങ്കിന് ആവില്ല രവീന്ദ്രനാഥൻ വിശദീകരിച്ചു.