കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു
ഉദ്യോഗസ്ഥർക്കെതിരെ മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി
തൃശൂര്‍: തൃശൂര്‍ കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സസ്പെൻഡ് ചെയ്ത 14 ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുക്കാൻ ഉത്തരവ്. മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നതിന്‍റെ തെളിവാണ് തീരുമാനമെന്ന് പരാതിക്കാരനായ എം വി സുരേഷ് ആരോപിച്ചു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കൃത്യ വിലോപം ചൂണ്ടിക്കാട്ടി 16 ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. ഇതിൽ രണ്ടു പേർ വിരമിച്ചു. ബാക്കിയുള്ള 14 പേരുടെ സസ്പെൻഷൻ പിൻവലിച്ച ഉത്തരവാണ് സഹകരണ വകുപ്പ് സെക്രട്ടറി പുറത്തിറക്കിയത്. നടപടികളിൽ വീഴ്ചയില്ലെന്ന് കണ്ടെത്തിയ ഏഴു പേരെ മുൻപ് ജോലി ചെയ്ത സ്ഥാനത്ത് തുടരാൻ അനുവദിക്കും. വീഴ്ച വരുത്തിയതായി കണ്ടെത്തിയ ഏഴ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലക്ക് പുറത്തേക്ക് നിയമനം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
സര്‍വീസില്‍ നിന്നും വിരമിച്ച കേരള ബാങ്ക് പാലക്കാട് ജോയിന്റ് ഡയറക്ടർ എം.ഡി രഘുവിന് കൃത്യനിർവഹണത്തിൽ വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ഇയാൾക്കെതിരെയുള്ള അച്ചടക്ക നടപടി തുടരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥർക്ക് വ്യക്തമായ പങ്കുള്ള തട്ടിപ്പ് കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് കേസിലെ പരാതിക്കാരൻ ആരോപിച്ചു. 100 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്കിൽ നിക്ഷേപം നടത്തിയ ഭൂരിഭാഗം പേർക്കും ഇതുവരെയും പണം തിരികെ ലഭിച്ചിട്ടില്ല.