കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഒന്നാം പ്രതി സുനില്‍ കുമാര്‍ നിരവധി തവണ തട്ടിപ്പ് നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്
ഭരണ സമിതിയുടെ അറിവോ പ്രസിഡന്‍റിന്‍റെ ഒപ്പോ ഇല്ലാതെ പലർക്കും അംഗത്വം നൽകിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു
കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി സുനിൽ കുമാർ 21 വർഷത്തിനിടെ നിരവധി തവണ തട്ടിപ്പ് നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്. ഭരണ സമിതിയുടെ അറിവോ പ്രസിഡന്‍റിന്‍റെ ഒപ്പോ ഇല്ലാതെ പലർക്കും അംഗത്വം നൽകിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസിലെ മറ്റ് മൂന്ന് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തൃശൂർ ജില്ലാ സെഷൻസ് കോടതി തള്ളി.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന്‍റെ മുഖ്യ സൂത്രധാരൻ സുനിൽ കുമാർ ആണെന്ന് റിമാൻഡ് റിപ്പോർട്ട്. കേസിലെ മറ്റ് പ്രതികളുമായി ചേർന്ന് പല തരത്തിലുള്ള തട്ടിപ്പുകൾ നടത്തി. .തേക്കടി റിസോർട്സ് പെസ്സോ ഇൻഫ്രാസ്ട്രക്ചർ, മൂന്നാർ ലക്ഷ്വറി ഹോട്ടൽസ്, സി.സി.എം ട്രെഡേഴ്‌സ്, കാട്രിക്സ് ലൂമനന്‍റ്സ് ആൻഡ് സോളാർ സിസ്റ്റം എന്നീ സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തിയ തുക നിക്ഷേപിച്ചു.
നാലാം പ്രതി കിരണിന്‍റെ പേരിൽ 46 ലോണുകളിലായി 23 കോടിയോളം രൂപ തട്ടിയെടുത്തു. തുക കിരണിന്‍റെയും ഭാര്യ അനുഷ്ക മേനോന്‍റെയും അക്കൗണ്ടുകളിലേക്ക് പോയെന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിൽ ആയ സുനിൽ കുമാറിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.
കേസിലെ രണ്ടാം പ്രതി ബിജു കരീം, മൂന്നാം പ്രതി ജിൽസ്, ആറാം പ്രതി റെജി എം. അനിൽകുമാർ എന്നിവരുടെ മുൻകൂർ ജാമ്യപേക്ഷയാണ് സെഷൻസ് കോടതി തള്ളിയത്. കേസ് അന്വേഷണത്തിൽ പ്രതികളുടെ അറസ്റ്റ് നിർണായകമാണെന്നും അറസ്റ്റ് വൈകുന്നത് തെളിവ് നശിപ്പിക്കൽ അടക്കമുള്ള കാര്യങ്ങൾക്ക് വഴി വെക്കുമെന്നും പൊലീസ് കോടതിയിൽ വാദിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം നിഷേധിച്ചത്. നാലാം പ്രതി കിരണും മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. കേസ് ഈ മാസം 13ന് പരിഗണിക്കും.