കാസര്‍കോട് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു
സംഭവത്തിൽ പ്രതിയായ അധ്യാപകനെതിരെ പൊലീസ് പോക്സോ വകുപ്പ് ചുമത്തി
കാസർകോട് ദേളിയിലെ സ്വകാര്യ സ്‌കൂളിൽ പഠിച്ചിരുന്ന എട്ടാം ക്ലാസ് വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ പ്രതിയായ അധ്യാപകനെതിരെ പൊലീസ് പോക്സോ വകുപ്പ് ചുമത്തി.
വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തെ കുറിച്ച് മീഡിയവൺ വാർത്ത നൽകിയിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. കാസർകോട് ജില്ലാ പൊലീസ് മേധാവി, ബേക്കൽ ഡി.വൈ.എസ്.പി, മേൽപറമ്പ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, ജില്ലാ ബാലസംരക്ഷണ ഓഫീസർ എന്നിവരോട് അടുത്ത മാസം 4 നകം റിപ്പോർട്ട് നൽകാൻ കമ്മീഷൻ നിർദ്ദേശം നൽകി. ഓൺലൈൻ പഠനത്തിന്‍റെ മറവിൽ അധ്യാപകൻ കുട്ടിയെ തെറ്റായ രീതിയിലേക്ക് നയിച്ചിരുന്നതായി രക്ഷിതാക്കൾ പറയുന്നു. ഈ വിഷയത്തിൽ രക്ഷിതാവ് സ്കൂൾ പ്രിൻസിപ്പാലിന് പരാതി നൽകിയിരുന്നു. അന്ന് രാത്രി അധ്യാപകൻ വിദ്യാർഥിനിയെ വിളിച്ച് ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ശബ്ദ സന്ദേശം പുറത്ത് വന്നിട്ടുണ്ട്.
ഈ ശബ്ദ സന്ദേശത്തിന് ശേഷമാണ് വിദ്യാർഥിനി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. സംഭവത്തിൽ പ്രതിയായ അധ്യാപകൻ ഉസ്മാനെതിരെ പോക്സോ ചുമത്തി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. പ്രതി കർണാടകയിലേക്ക് കടന്നതായി സൂചനയുണ്ട്.