കശ്‌മീർ സ്വദേശി, തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ: വ്യാജ ആയുധ ലൈസൻസ് നിർമിച്ചതിന് അറസ്റ്റിൽ
കശ്‌മീർ സ്വദേശി അശോക് കുമാർ ആണ് അറസ്റ്റിലായത്. മുംബൈ പൊലീസിൻെറ സഹായത്തോടെ തൃശൂർ സിറ്റി സി-ബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തൃശൂർ: തൃശൂരിൽ വ്യാജ ആയുധ ലൈസൻസ് ഉണ്ടാക്കിയ ആൾ അറസ്റ്റിൽ. ജില്ലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന കാശ്മീർ സ്വദേശി അശോക് കുമാർ ആണ് അറസ്റ്റിലായത്.
മുംബൈ പോലീസിൻെറ സഹായത്തോടെ മുംബൈയിൽ നിന്നും തൃശൂർ സിറ്റി സി-ബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിഷയത്തിൽ കരമന പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞ പ്രതികൾ കൂർക്കഞ്ചേരിയിൽ നിന്നും സ്ഥലം വിട്ട് മൊബൈൽ ഫോൺ ഒഴിവാക്കിയും സിം കാർഡുകൾ മാറ്റിയും രണ്ടുവർഷത്തോളമായി ജമ്മു, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ കഴിഞ്ഞു വരികയായിരുന്നു.
സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം കേസന്വേഷണം തൃശൂർ സിറ്റി സി ബ്രാഞ്ച് ഏറ്റെടുത്തിരുന്നു. കമ്മീഷണർ അങ്കിത് അശോകന്റെ നിർദേശപ്രകാരം പ്രതികളെ കുറിച്ച് ഇതര സംസ്ഥാനങ്ങളിലെ സെക്യൂരിറ്റി സ്ഥാപനങ്ങളിലും മറ്റും നിരന്തരം അന്വേഷണം നടത്തി പ്രതിയുടെ സാന്നിദ്ധ്യം മുംബൈ താനെ എന്ന സ്ഥലത്തുണ്ട് എന്ന് കണ്ടെത്തിയതിനെ തുടർന്ന് സി ബ്രാഞ്ച് സബ് ഇൻസ്പെക്ടർമാരായ വി.എ. രമേഷ്, എം. ഹബീബ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുധീപ് എന്നിവരടങ്ങുന്ന സംഘം മുംബൈയിലെത്തി.
ലോക്കൽ പോലീസസിൻെറ സഹായത്തോടെ സ്ഥലത്തെ സെക്യൂരിറ്റി ഏജൻസികളിലും സെക്യൂരിറ്റി ഗാർഡുകൾ ജോലി ചെയ്യുന്നയിടങ്ങളും മറ്റും ഓരോന്നായി നിരീക്ഷിച്ചാണ് പ്രതിയെ കണ്ടെത്തിയത്. പ്രതി ഉപയോഗിച്ചിരുന്ന ആയുധങ്ങളും പോലീസ് കണ്ടെടുത്തു. നേരത്തെ പ്രതികളെ കണ്ടെത്തുന്നതിനായി രണ്ടുതവണ പോലീസ് സംഘം ജമ്മുകാശ്മീരിലെ രജൌരിയിൽ എത്തിയിരുന്നുവെങ്കിലും സുരക്ഷാഭീഷണി മൂലം പ്രതികളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
അറസ്റ്റ് ചെയ്ത പ്രതിയെ മുബൈ മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയശേഷം തുടർന്ന് തൃശൂർ ജെ.എഫ്.സി.എം രണ്ടാം നമ്പർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ കേസിലെ മറ്റു പ്രതികളുടെ പങ്കാളിത്തവും പ്രതികളുടെ ബന്ധങ്ങളും പൊലീസ് അന്വേഷിച്ചു വരികയാണ്.