കാറ്റ്‌കോസ് സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസ്; അന്വേഷണം ഊർജിതമല്ലെന്ന് പരാതിക്കാർ
2021ലാണ് കോഴിക്കോട് കുമാരസ്വാമിയിലെ കാറ്റ്കോസ് സൊസൈറ്റിയിലെ തട്ടിപ്പ് പുറത്തു വരുന്നതും കേസെടുക്കുന്നതും.
കോഴിക്കോട്: കോഴിക്കോട് കാറ്റ്കോസ് സൊസൈറ്റി സാമ്പത്തിക തട്ടിപ്പിൽ അന്വേഷണം ഊർജിതമല്ലെന്ന ആക്ഷേപവുമായി പരാതിക്കാർ. കേസ് രജിസ്റ്റർ ചെയ്തിട്ട് രണ്ട് വർഷമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ കോഴിക്കോട് കമ്മീഷണർക്ക് പരാതി നൽകി.
2021ലാണ് കോഴിക്കോട് കുമാരസ്വാമിയിലെ കാറ്റ്കോസ് സൊസൈറ്റിയിലെ തട്ടിപ്പ് പുറത്തു വരുന്നതും കേസെടുക്കുന്നതും. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയും രേഖകള്‍ ശേഖരിക്കയും ചെയ്തു. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനോ പണം നഷ്ടപ്പെട്ട നിക്ഷേപകർക്ക് അത് തിരികെ ലഭിക്കാനുള്ള നടപടിയയിലേക്കോ പൊലീസോ സഹകരണ വകുപ്പോ കടന്നില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നിക്ഷേപകർ പരാതി നല്കിയത്.
വ്യാജരേഖകൾ ഉപയോഗിച്ച് മൂന്നു കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പ് മുന്‍ ഭരണസമിതിയംഗങ്ങള്‍ നടത്തി എന്നാണ് പരാതി. പരാതികളെ തുടർന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ വായ്പ നൽകുന്നതിലും നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിലും ക്രമക്കേട് ഉണ്ടായതായി കണ്ടെത്തിയിരുന്നു. മുൻ ഭരണ സമിതി ഭാരവാഹികളും അവരുടെ കുടുംബാംഗങ്ങളും ജീവനക്കാരും തട്ടിപ്പില്‍ പങ്കാളിയെന്നാണ് ആക്ഷേപം.