കതിരൂർ മനോജ് വധക്കേസ് : കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത് നീട്ടി
കുറ്റംചുമത്തുന്നതിനെതിരെ ഹൈക്കോടതിയിൽ ഹരജി നൽകിയെന്നും അതിനാൽ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത് നീട്ടണമെന്നും പ്രതികൾ ആവശ്യപ്പെട്ടിരുന്നു
കൊച്ചി: കതിരൂർ മനോജ് വധക്കേസിൽ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത് നീട്ടി. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. കുറ്റംചുമത്തുന്നതിനെതിരെ ഹൈക്കോടതിയിൽ ഹരജി നൽകിയെന്നും അതിനാൽ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത് നീട്ടണമെന്നും പ്രതികൾ ആവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിച്ചാണ് സിബിഐ പ്രത്യേക കോടതി സമയം നീട്ടിനൽകിയത്.
ആർ.എസ്.എസ് നേതാവ് കതിരൂർ മനോജ് വധക്കേസിന്റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന സി.ബി.ഐയുടെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു.നാല് മാസത്തിനുള്ളിൽ കേസിന്റെ നടപടികൾ പൂർത്തിയാക്കണമെന്ന് വിചാരണക്കോടതിക്ക് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു.
2014 സെപ്തംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെടുന്നത്. 2018ൽ കേസില്‍ പി.ജയരാജനെതിരെ യു.എ.പി.എ ചുമത്തിയിരുന്നു. കൊലപാതകത്തിന്‍റെ ഗൂഢാലോചനയിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന് മുഖ്യപങ്കുണ്ടെന്നാണ് കുറ്റപത്രത്തിൽ സി.ബി.ഐ വ്യക്തമാക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ജയരാജനെ ആക്രമിച്ചതിലുള്ള വൈരാഗ്യമാണ് ഗൂഢാലോചനയ്ക്ക് കാരണം. മനോജിനെ വധിക്കാൻ ക്വട്ടേഷൻ സംഘത്തെ നിയോഗിക്കുകയായിരുന്നുവെന്നും സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നു.
സംഘം ചേർന്ന് ആക്രമിക്കൽ, ഗൂഢാലോചന, കലാപത്തിന് ആഹ്വാനം ചെയ്യൽ തുടങ്ങിയ വകുപ്പുകളാണ് സിബിഐ ചുമത്തിയിരിക്കുന്നത്. കേസിൽ 25-ാം പ്രതിയാണ് ജയരാജൻ.