കാട്ടാക്കട ക്രിസ്ത്യൻ കോളജ് ആൾമാറാട്ട കേസ്: പ്രിൻസിപ്പലിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പള്‍ ഹൈക്കോടതിയെ സമീപിച്ചത്
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്.എഫ്.ഐ ആൾമാറാട്ട കേസിൽ പ്രിൻസിപ്പലിന്‍റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. ഈ മാസം 20 വരെയാണ് ജി.ജെ. ഷൈജുവിന് അറസ്റ്റിൽ നിന്നും സംരക്ഷണം നൽകിയത്. സര്‍വകലാശാല ചട്ടങ്ങള്‍ അനുസരിച്ചാണ് നടപടിക്രമങ്ങള്‍ നടത്തിയതെന്ന് പ്രിന്‍സിപ്പല്‍ ഹൈക്കോടതിയില്‍ വാദിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പള്‍ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യന്‍റേതാണ് ഉത്തരവ്. കേസിൽ ഒന്നാം പ്രതിയാണ് മുൻ പ്രിൻസിപ്പൽ ജിജെ ഷൈജു.
അതിനിടെ കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ നിന്നും പിഴ ഈടാക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് നോട്ടീസ് അയച്ചു. 1,55,938 രൂപയാണ് കോളേജിനോട് അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ആള്‍മാറാട്ടം കണ്ടെത്തിയതിലൂടെ സര്‍വകലാശാല തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കേണ്ടി വന്ന സാഹചര്യത്തിലാണ് സര്‍വകലാശാല നടപടി.
കോളജ് തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത എസ്.എഫ്.ഐ നേതാവിനെ കൗൺസിലറാക്കിയ കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തട്ടിപ്പ് വൻ വിവാദമായിരുന്നു. ആൾമാറാട്ടം നടത്തിയ വിശാഖിന് മത്സരിക്കാനും യോഗ്യതയില്ലെന്ന് കണ്ടെത്തിയിരുന്നു. ലിങ്ദോ കമ്മീഷൻ റിപ്പോർട്ട് പ്രകാരം 22 വയസാണ് മത്സരിക്കാനുള്ള പ്രായപരിധി. എന്നാൽ വിശാഖിന് 24 വയസായിരുന്നു. യു.യു.സിയായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനി അനഘയ്ക്ക് പകരം വിശാഖിന്‍റെ പേരാണ് പഴയ പ്രിൻസിപ്പൽ നൽകിയിരുന്നത്. ഇതിൽ പ്രിൻസിപ്പലിനെ കൂടാതെ വിശാഖും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.