മൊഴികളിൽ പൊരുത്തക്കേടുകൾ;നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യും
ചോദ്യം ചെയ്യൽ ഇന്നോ നാളെയോ നടത്താൻ ക്രൈം ബ്രാഞ്ച് നീക്കം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യുന്നത് സംബന്ധിച്ചു അന്വേഷണം സംഘം ഇന്ന് തീരുമാനം എടുത്തേക്കും. ഇന്നോ നാളെയോ രണ്ടാം ഘട്ട ചോദ്യം ചെയ്യൽ നടത്താനാണ് ആലോചന. തിങ്കളാഴ്ച നാലര മണിക്കൂർ ആയിരുന്നു അന്വേഷണസംഘം കാവ്യയെ ചോദ്യം ചെയ്തത്.അന്ന് ലഭിച്ച മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
ആലുവയിലെ ദിലീപിന്റെ വീട്ടിലായിരുന്നു കാവ്യയെ തിങ്കളാഴ്ച ചോദ്യം ചെയ്തത്. ചോദ്യാവലിയുമായാണ് എസ്പി മോഹന ചന്ദ്രൻ , ഡി.വൈ.എസ്പി. ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്.
നേരത്തെ കാവ്യയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും അന്വേഷണ സംഘം വീട്ടിലെത്തിയാൽ ചോദ്യം ചെയ്യലുമായി സഹകരിക്കാം എന്ന നിലപാടിൽ കാവ്യ ഉറച്ച് നിന്നതോടെ അത് മുടങ്ങിയിരുന്നു.