നടിയെ ആക്രമിച്ച കേസിൽ കാവ്യാമാധവനെ ഉടൻ ചോദ്യം ചെയ്‌തേക്കും
ചോദ്യം ചെയ്യേണ്ട സുപ്രധാന സാക്ഷികളുടെ പട്ടിക തയ്യാറാക്കി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെയടക്കം ഉടൻ ചോദ്യം ചെയ്‌തേക്കും. തുടരന്വേഷണം വേഗത്തിലാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സുപ്രധാന സാക്ഷികളെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ഇതിനായി 12 പേർ അടങ്ങിയ പട്ടിക ക്രൈം ബ്രാഞ്ച് തയ്യാറാക്കി.
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈം ബ്രാഞ്ചിന് മുന്നിലുള്ളത് ആഴ്ചകൾ മാത്രമാണ്. മേയ് 31 നകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി നിർദേശം.
അതിനാൽ തന്നെ സുപ്രധാന സാക്ഷികൾ ഉൾപ്പെടെയുള്ളവരെ ഉടൻ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്. നേരത്തെ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും, അന്വേഷണ സംഘം വീട്ടിലെത്തിയാൽ ചോദ്യം ചെയ്യലുമായി സഹകരിക്കാം എന്ന നിലപാടിൽ കാവ്യ ഉറച്ച് നിന്നതോടെ അത് മുടങ്ങിയിരുന്നു.
ഇതിനിടെ ക്രൈം ബ്രാഞ്ച് മേധാവിക്ക് സ്ഥാനചലനമുണ്ടായതോടെ നടിയെ ആക്രമിച്ച കേസിന്റെ പുനരന്വേഷണവും, വധഗൂഢാലോചന കേസിന്റെ അന്വേഷണവും മന്ദഗതിയിലായി. പുതിയ മേധാവി സ്ഥാനമേറ്റ ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന്റെ അവലോകനം നടന്നത്. അന്വേഷണപുരോഗതി വിലയിരുത്തിയ ക്രൈം ബ്രാഞ്ച് മേധാവി കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന കർശന നിർദ്ദേശം നൽകി.
കേസിൽ പുതുതായി മൊഴിയെടുത്ത 80 പേരിൽ ആരെയെക്കെ സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ ഉടൻ തീരുമാനമാകും.