'പൂതി മനസ്സിൽ വച്ചാൽ മതി': കേരളം പിടിക്കുമെന്ന മോദിയുടെ പ്രതികരണത്തിൽ കെ.സി വേണുഗോപാൽ
മോദിയെ മാതൃകയാക്കുകയാണ് പിണറായിയെന്നും അവിടെ മോദി ഇവിടെ പിണറായി എന്നതാണ് സ്ഥിതിയെന്നും വേണുഗോപാൽ
കോഴിക്കോട്: കേരളത്തിലും അധികാരത്തിലെത്തുമെന്ന മോദിയുടെ അവകാശവാദം തള്ളി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കേരളത്തെ മോദി മനസിലാക്കിയിട്ടില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ പൂജ്യം സീറ്റായിരിക്കും ബിജെപിക്ക് കേരളത്തിൽ നിന്ന് ലഭിക്കുകയെന്നും മോദിയുടെ പൂതി മനസ്സിൽ വെച്ചാൽ മതിയെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
"മോദിക്ക് കേരളത്തെ ശരിക്ക് മനസ്സിലായിട്ടില്ല എന്നു വേണം കരുതാൻ. ലോക്‌സഭയിൽ പൂജ്യം സീറ്റായിരിക്കും ബിജെപിക്ക് കേരളത്തിൽ നിന്ന് ലഭിക്കുക. കേരളം പിടിക്കുമെന്ന പൂതി മോദി മനസ്സിൽ വെച്ചാൽ മതി. മോദിയെ മാതൃകയാക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഇരുവർക്കും ഒരേ ലക്ഷ്യമാണ്. കേന്ദ്രം പാചക വാതകത്തിന് വില കൂട്ടുമ്പോൾ ഇവിടെ ഇന്ധന സെസ് കൂട്ടുന്നു. അവിടെ മോദി ഇവിടെ പിണറായി എന്നതാണ് സ്ഥിതി. തങ്ങൾക്കെതിരായി എഴുതുന്ന ആളുകളെ സിപിഎം ഭീഷണിപ്പെടുത്തുന്ന അവസ്ഥയാണുള്ളത്. ഏഷ്യാനെറ്റ് ഓഫീസിനെ എസ്എഫ്‌ഐ അതിക്രമം ജനാധിപത്യത്തിന്റെ കറുത്തമുഖമായി വേണം കണക്കാക്കാൻ". വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച എം.കെ രാഘവൻ എംപിയെയും കെ.സി വേണുഗോപാൽ വിമർശിച്ചു. അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടിക്കുള്ളിലാണെന്നും രാഘവന് പ്ലീനറ സമ്മേളനത്തിൽ അഭിപ്രായം പറയാമായിരുന്നുവെന്നുമായിരുന്നു വേണുഗോപാലിന്റെ പ്രതികരണം. പരസ്യ പ്രതികരണം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും വേണുഗോപാൽ വ്യക്തമാക്കി.
ഇന്നലെ കോഴിക്കോട്ട് വെച്ച് എം.കെ രാഘവൻ നടത്തിയ വിവാദ പ്രസംഗത്തിൽ കടുത്ത അതൃപ്തിയാണ് പാർട്ടി നേതൃത്വം പ്രകടിപ്പിച്ചിരിക്കുന്നത്. ഇന്നലെ തന്നെ രാഘവന്റെ പരാമർശത്തിൽ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാറിനോട് കെപിസിസി വിശദീകരണം തേടിയിരുന്നു. വിമർശനവും വിയോജിപ്പുമില്ലാതെ പാർട്ടി വെറും പുകഴ്ത്തലിന്റെ വേദിയായി മാറിയെന്നും സ്ഥാനവും മാനവും വേണമെങ്കിൽ മിണ്ടാതിരിക്കണം എന്നുമായിരുന്നു എം.കെ രാഘവന്റെ പരാമർശം.