തൊണ്ണൂറുകളിൽ അമിത് ഷാ ഗുജറാത്തിൽ നടപ്പാക്കിയതാണ് കേരളത്തിൽ ചെയ്യേണ്ടത്: ശോഭ സുരേന്ദ്രൻ

Update: 2021-05-04 12:40 GMT
Editor : abs | By : Web Desk
Advertising

കേരളത്തിൽ ബിജെപി വളരണമെങ്കിൽ ഗുജറാത്ത് മോഡൽ പ്രവർത്തനങ്ങളാണ് വേണ്ടതെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ഇതിനായി സഹകരണ സംഘങ്ങളിലേക്ക് മത്സരിക്കുകയും അധ്യാപക-വിദ്യാർത്ഥി സംഘടനകൾ ശക്തിപ്പെടുത്തുകയുമാണ് വേണ്ടത് എന്നും അവർ പറഞ്ഞു. ഫേസ്ബുക്കിൽ പ്രവര്‍ത്തകര്‍ക്കായി പങ്കുവച്ച ഓഡിയോയിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

'തൊണ്ണൂറുകളിൽ അമിത്ഷാ ജി ഗുജറാത്തിൽ നടപ്പാക്കിയ പോലെ സഹകരണ സംഘങ്ങളിലേക്ക് മത്സരിക്കുകയും അധ്യാപക വിദ്യാർത്ഥി സംഘടനകൾ ശക്തിപ്പെടുത്തുകയും യുവാക്കളെ പ്രസ്ഥാനത്തിലേക്ക് കൂടുതൽ ചേർത്തു നിർത്തുകയും അതിനായി യുവമോർച്ചയുടെ പ്രവർത്തനങ്ങൾ സജീവമാക്കുകയും മഹിളാമോർച്ചയുടെ പ്രവർത്തനം ഊർജിമാക്കുകയും വേണം. അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ നരേന്ദ്രമമോദിജിയോട് ഒപ്പം കേരളത്തിൽ നിന്ന് ബിജെപിക്കാർ ജയിച്ചു കയറുമെന്ന് നമുക്ക് ദൃഢപ്രതിജ്ഞ ചെയ്യണം. വീഴ്ചകൾ കണ്ടെത്തി മുന്നേറാൻ ഒരു രാഷ്ട്രീയ പ്രതിയോഗിയുടെയും വാറോല നമുക്ക് ആവശ്യമില്ല' - ശോഭ പറഞ്ഞു.

'നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം എതിർപക്ഷത്തു നിന്ന് ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ബിജെപി. കഴക്കൂട്ടത്തെ സിപിഎമ്മുകാരനും എസ്ഡിപിഐക്കാരനും പാലക്കാട്ടെ കോൺഗ്രസുകാരനും മഞ്ചേശ്വരത്തെ മുസ്‌ലിംലീഗു കാരനും തൃശൂരിലെ സിപിഐക്കാരനും ഒരേ സ്വരത്തിലാണ് നമുക്കെതിരെ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്. എല്ലാവരും അവധാനത പുലർത്തണം എന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്' - അവർ കൂട്ടിച്ചേർത്തു.

'ബൂത്തിലിരിക്കാൻ ആളില്ലാത്ത കാലത്തും കൊടികുത്താൻ അനുവദിക്കില്ലെന്ന് മാർക്‌സിസ്റ്റുകാരൻ വെല്ലുവിളിച്ച കാലത്തും നമ്മൾ ഇവിടെത്തന്നെയുണ്ടായിരുന്നു. കേന്ദ്രത്തിൽ ഭരണമില്ലാത്ത, കേരളത്തിൽ ഒരു പഞ്ചായത്ത് മെമ്പർ പോലുമില്ലാത്ത കാലത്ത് കുങ്കുമ ഹരിത പതാകയുമേന്തി പട്ടിണി കിടന്നും ആക്ഷേപം സഹിച്ചും ഈ പാർട്ടിക്കു വേണ്ടി നില കൊണ്ടവരാണ് നമ്മൾ. അവിടെ നിന്നാണ് കേരളത്തിലെ മുന്നണികൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന രാഷ്ട്രീയ ബദൽ എന്ന നിലയിലേക്ക് നാം വളർന്നത്' - ശോഭ ചൂണ്ടിക്കാട്ടി.

കഴക്കൂട്ടത്തെ തോൽവിക്ക് ശേഷമാണ് ശോഭയുടെ പ്രതികരണം. 23497 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനോട് ശോഭ പരാജയപ്പെട്ടിരുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി എസ്എസ് ലാൽ മൂന്നാം സ്ഥാനത്തായി.

40193 വോട്ടാണ് ശോഭയ്ക്ക് ലഭിച്ചത്. എന്നാൽ 2016ൽ വി മുരളീധരൻ നേടിയ 42,520 വോട്ടുകൾ മറികടക്കാന്‍ അവര്‍ക്കായിരുന്നില്ല. ശബരിമലയും വിശ്വാസവും ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ബിജെപി മണ്ഡലത്തിൽ പ്രചാരണത്തിനെത്തിച്ചിരുന്നു.  

Full View

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News