'പൊളിക്കാൻ വെച്ച ഫൈബർ വള്ളം ബോട്ടാക്കി, വാങ്ങിയത് കുടുംബത്തിന് സഞ്ചരിക്കാനെന്ന് പറഞ്ഞ്'; യാഡ് നടത്തിപ്പുകാരൻ
താനൂരില്‍ അപകടത്തിൽപെട്ട ബോട്ടിന്റെ പഴയ ഫോട്ടോ മീഡിയവണിന്
മലപ്പുറം: താനൂരിൽ അപകടത്തിൽപെട്ട ബോട്ട് നേരത്തെ ഫൈബർ വള്ളമായിരുന്നെന്ന് വെളിപ്പെടുത്തല്‍. ഫൈബർവള്ളം രൂപംമാറ്റം വരുത്തിയാണ് ബോട്ടാക്കി മാറ്റിയത്. പൊളിക്കാൻ വെച്ച വള്ളമാണ് ബോട്ടാക്കിയതെന്ന് പൊന്നാനി യാഡിന്റെ നടത്തിപ്പുകാരൻ മുഹമ്മദ് ബഷീർ പറഞ്ഞു.
പൊളിക്കാനായി യാഡിൽ കയറ്റിയ ഫൈബർ വള്ളമാണ് നാസറിനായി സഹോദരൻ ഹംസകുട്ടി വാങ്ങിയത്. തന്റെ കുടുംബത്തിന് സഞ്ചരിക്കനാണെന്ന് പറഞ്ഞാണ് നാസർ വഞ്ചി രൂപംമാറ്റം വരുത്തി ബോട്ടാക്കി മാറ്റിയത്. അപകടത്തിൽ പെട്ട അറ്റ്‌ലാറ്റിക്ക ബോട്ട് മത്സ്യബന്ധന വഞ്ചിയായിരുന്ന സമയത്തെ ഫോട്ടോ മീഡിവണിന് ലഭിച്ചു.
മനുഷ്യവകാശ കമ്മീഷൻ അംഗം കെ. ബൈജുനാഥ് അപകടം നടന്ന സ്ഥലവും മരിച്ചവരുടെ വീടുകളും സന്ദർശിച്ചു. ഈ മാസം 19 നകം ജില്ലാ കലക്ടറും , ജില്ലാ പൊലീസ് മേധാവിയും മനുഷ്യവകാശ കമ്മീഷന് റിപ്പോർട്ട് നൽകും. റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് കെ. ബൈജുനാഥ് പറഞ്ഞു
സി.പി. ഐ നേതാവ് ബിനോയ് വിശ്വം , മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി , ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തുടങ്ങിയവർ അപകട സ്ഥലവും , മരിച്ചവരുടെ വീടുകളും സന്ദർശിച്ചു. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു താനൂരില്‍ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് 22 പേര്‍ മരിച്ചത്. അനുമതിയില്ലാതെയാണ് ബോട്ട് സര്‍വീസ് നടത്തിയതെന്ന് നേരത്തെ വ്യക്തമായിരുന്നു. ബോട്ടുടമയും സ്രാങ്കും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.