മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് ഇന്ന് ലോകായുക്ത പരിഗണിക്കും
ഉച്ചക്ക് 12 മണിക്കാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ഹാറൂണ്‍ അല്‍ റഷീദും അടങ്ങുന്ന ബഞ്ച് കേസ് പരിഗണിക്കുന്നത്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വക മാറ്റിയെന്ന കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും. കേസ് ഫുള്‍ബഞ്ചിന് വിടാനുള്ള രണ്ടംഗ ബഞ്ചിന്‍റെ വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹരജിയാണ് ലോകായുക്ത പരിഗണിക്കുന്നത്. ഉച്ചക്ക് 12 മണിക്കാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ഹാറൂണ്‍ അല്‍ റഷീദും അടങ്ങുന്ന ബഞ്ച് കേസ് പരിഗണിക്കുന്നത്. പുനഃപരിശോധന ഹരജിയുടെ തീര്‍പ്പിന്‍റെ അടിസ്ഥാനത്തിലായിരിക്കും കേസ് ഫുള്‍ ബഞ്ച് ഇന്ന് പരിഗണിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ പരാതിക്കാരന്‍ ആര്‍.എസ് ശശികുമാറിനെതിരെ ലോകായുക്തയും ഉപലോകായുക്തയും രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുകയാണ് പരാതിക്കാരനെന്നായിരുന്നു ലോകായുക്തയുടെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയ കേസ് ഫുള്‍ബഞ്ചിന് വിട്ട ഉത്തരവിനെതിരായ പുനഃപരിശോധന ഹര്‍ജി പരിഗണിച്ചപ്പോഴാണ് പരാതിക്കാരന്‍ ആര്‍.എസ് ശശികുമാറിനെതിരെ ലോകായുക്തയും ഉപലോകായുക്തയും ആഞ്ഞടിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാകാനുള്ളത് കൊണ്ട് കേസ് മാറ്റണമെന്ന് പരാതിക്കാരന് വേണ്ടി ഹാജരായ മറ്റൊരു അഭിഭാഷന്‍ ആവശ്യപ്പെട്ടു.
പരാതിക്കാരന്‍ ഹാജരായില്ലെന്ന് അഭിഭാഷകനോട് ചോദിച്ച ഉപലോകായുക്ത ഹാറൂണ്‍ അല്‍ റഷീദ് രൂക്ഷ വിമര്‍ശനങ്ങളാണ് പിന്നീട് ഉയര്‍ത്തിയത്..ജഡ്ജ്മാരെ അപമാനിക്കാൻ ഇറങ്ങി തിരിച്ചിരിക്കുകയാണ് പരാതിക്കാരനായ ആര് എസ് ശശികുമാര്‍..മുഖ്യമന്ത്രി സ്വാധീനിച്ചെന്ന മാധ്യമങ്ങളില്‍ പോയിരിന്ന് പറയുകയാണ്,മുഖ്യമന്ത്രി സ്വാധീനിച്ചത് അദ്ദേഹം കണ്ടിട്ടുണ്ടോ? അദ്ദേഹത്തിൻ്റെ സാനിധ്യത്തിലാണോ സ്വാധീനച്ചത് തുടങ്ങിയ ചോദ്യങ്ങള്‍ ഉപലോകായുക്ത ഉന്നയിച്ചു. ഞങ്ങളിൽ വിശ്വാസമില്ലെന്നു പറഞ്ഞ് നടക്കുന്നു. വിശ്വാസമില്ലെങ്കിൽ എന്തിന് ഈ ബെഞ്ചിൽ റിവ്യൂ ഹരജി എന്നതായിരിന്നു അടുത്ത ചോദ്യം. അതുവരെ മൌനം പാലിച്ച ലോകായുക്ത സിറിയക് ജോസഫ് പിന്നീട് കടുത്ത ചില പരാമര്‍ശങ്ങള്‍ നടത്തി. പേപട്ടി ഒരു വഴിയിൽ നിൽക്കുമ്പോൾ അതിൻ്റെ വായിൽ കോലിട്ട് കുത്താതെ മാറി പോവുകയാണ് നല്ലത് അതുകൊണ്ടാണ് കൂടുതൽ പറയാത്തതെന്ന് ലോകായുക്ത.
മധുകേസില്‍ നടന്നത് പോലെ ആള്‍ക്കൂട്ട അധിക്ഷേപമാണ് തങ്ങള്‍ക്കെതിരെ നടക്കുന്നതെന്ന് പറഞ്ഞ് കേസ് പരിഗണിക്കുന്നത് നാളെ ഉച്ചക്കത്തേക്ക് മാറ്റി. ലോകായുക്തയെ അല്ല വിധിയെ ആണ് വിമര്‍ശിച്ചതെന്ന് പറഞ്ഞ പരാതിക്കാരന്‍ ശശികുമാര്‍ ഈ ബഞ്ചില്‍ നിന്ന് അനൂകൂല വിധി പ്രതീക്ഷിക്കുന്നില്ലെന്ന് ആവര്‍ത്തിച്ചു.