പാലാ വലവൂർ സഹകരണ ബാങ്ക് ഭരണസമിതിയിലെ കേരളാ കോൺഗ്രസ് (എം) സി.പി.എം ഭിന്നത; ആയുധമാക്കി പ്രതിപക്ഷം
ജോസ് കെ മാണിയും കൂട്ടരും എവിടെ ചെന്നാലും പ്രശ്നമെന്നാണ് ജോസഫ് വിഭാഗത്തിന്റെ വിമർശനം
കോട്ടയം: പാലാ വലവൂർ സഹകരണ ബാങ്ക് ഭരണസമിതിയെ ചൊല്ലി കേരളാ കോൺഗ്രസ് (എം) സി.പി.എം ഭിന്നത ആയുധമാക്കി പ്രതിപക്ഷം. ജോസ് കെ മാണിയും കൂട്ടരും എവിടെ ചെന്നാലും പ്രശ്നമെന്നാണ് ജോസഫ് വിഭാഗത്തിന്റെ വിമർശനം. സി.പി.എം ഇനി അനുഭവിക്കാനിരിക്കുന്നതേയുള്ളുവെന്നും യുഡിഎ് ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പിൽ പറഞ്ഞു.
വലവൂർ ബാങ്ക് ഭരണസമിതിയിൽ വൈസ് പ്രസിഡന്റ് സ്ഥാനം സിപിഎം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് വഴങ്ങാൻ കേരളാ കോൺഗ്രസ് എം തയ്യാറായില്ല .ഇതോടെ കഴിഞ്ഞ ദിവസം നടന്ന പ്രസിഡൻ്റ് ,വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് സി.പി.എം-കേരളാ കോൺഗ്രസ് ഭിന്നതയ്ക്ക് വഴി തുറന്നു. വിഷയം ഉയർത്തി ജോസ് കെ മാണിയേയും സിപിഎമ്മിനെയും വിമർശിച്ച് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതൃത്വം രംഗത്തുവന്നു.
പതിനൊന്ന് കേരളാ കോൺഗ്രസ്, മൂന്ന് സി.പി.എം, സി.പി.ഐ ഒന്ന് എന്നിങ്ങനെയാണ് ബാങ്ക് ഭരണസമിതിയിലെ കക്ഷി നില. മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ള ഭരണങ്ങാനം, മീനച്ചിൽ തുടങ്ങിയ എല്ലാ ബാങ്കുകളും കേരളാ കോൺഗ്രസ് എം ഒറ്റയ്ക്ക് ഭരിക്കുകയാണ്. വീതം വെയ്പ്പ് ആവശ്യമില്ലെന്നാണ് കേരളാ കോൺഗ്രസ് എമ്മിൻ്റ നിലപാട്. സി.പി.എം നേതൃത്വം ജോസ് കെ മാണി വിഭാഗത്തിൻ്റെ നിലപാടിൽ അതൃപ്തരാണെങ്കിലും പരസ്യ പ്രതികരണത്തിന് തയ്യാറല്ല.