'സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല'- തിരുത്തുമായി ആരോഗ്യവകുപ്പ്
ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റിൽ മൂന്ന് മരണമെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്. ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റിൽ മൂന്ന് മരണമെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് വെബ്‌സൈറ്റിലുള്ള കണക്ക് തിരുത്തി പ്രസിദ്ധീകരിച്ചു.
അതേസമയം രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ കോവിഡ് പരിശോധനകൾ വർധിപ്പിക്കാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. കഴിഞ്ഞ മൂന്നാഴ്ചക്കിടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഇരട്ടി അയതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഉന്നതല യോഗം വിളിച്ചത്.
മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താനും കോവിഡ് രോഗികൾക്ക് ആവശ്യമായ ക്രമീകരണം ആശുപത്രികളിൽ ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. ആശുപത്രികളിൽ മോക് ഡ്രില്ലുകൾ സംഘടിപ്പിക്കും. ടെസ്റ്റ് ട്രാക്ക് ട്രീറ്റ് വാക്‌സിനേഷൻ രീതി പിന്തുടരാനും യോഗത്തിൽ ധാരണയായി.
കേരളത്തിൽ കോവിഡ് രോഗികളിൽ നേരിയ വർദ്ധനവ് ഉണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം വിലയിരുത്തി. തിരുവനന്തപുരത്തും എറണാകുളത്തുമാണ് കൂടുതൽ രോഗികൾ ഉള്ളത്. 1026 ആക്ടീവ് കേസുകളിൽ 111 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. സംസ്ഥാനമാകെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി.
കോവിഡ് വൈറസിന്റെ പുതിയ വകഭേദം വ്യാപിക്കുന്നുണ്ടോയെന്നറിയാൻ ജിനോമിക് പരിശോധനകൾ കൂട്ടും. നേരീയ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നതെങ്കിലും കൂടുതൽ രോഗകളെത്തിയാലുള്ള അവസ്ഥ കണക്കാക്കി ഐസിയു, വെൻറിലേറ്ററുകൾ മുതലവായ ഒരുക്കും. വ്യാപന ശേഷി കൂടുതലുള്ള പുതിയ വൈറസിന്റെ വകഭേദം വ്യാപിച്ചുട്ടുണ്ടോയെന്നറിയാൻ ജീനോമിക് പരിശോധന കൂടുതൽ നടത്താനും ഉന്നതതലയോഗത്തിൽ തീരുമാനമായി.
മറ്റ് രോഗമുള്ളവരും പ്രായമായവരും കുട്ടികളും ഗർഭിണികളും പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്‌ക് ധരിക്കണം. ആശുപത്രികളിൽ എത്തുന്നവരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു. കൂടുതൽ പരിശോധന നടത്തിയും വാക്‌സിനേഷൻ വ്യാപകമാക്കിയും രോഗികളുടെ എണ്ണം കുറക്കും എന്നാണ് കേന്ദ്രം പറയുന്നത്. കേരളത്തിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ലെങ്കിലും അതീവ ജാഗ്രത തുടരും.