വരിഞ്ഞുമുറുക്കി കോവിഡ്; അടച്ചുപൂട്ടിയിരുന്നാലേ രോഗവ്യാപനം കുറയ്ക്കാനാകൂ
സംസ്ഥാനത്ത് 28 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
സംസ്ഥാനത്തെ വരിഞ്ഞുമുറുക്കി കോവിഡ്. മരണസംഖ്യ ഉയരുന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. അതേസമയം ജനങ്ങള്‍ സഹകരിച്ചാല്‍ രോഗവ്യാപനം കുറക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.
പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും നാല്‍പതിനായിരത്തിന് മുകളിലെത്തി. 28 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മരണ സംഖ്യയും ഉയരുകയാണ്. 64 പേരാണ് ഇന്നലെ മാത്രം കോവിഡ് മൂലം മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണവും വര്‍ദ്ധിച്ചു. 1236 പേരാണ് ഇപ്പോള്‍ വെന്‍റിലേറ്ററിലുള്ളത്. ഐസിയുവില്‍ 2505 പേരുണ്ട്. തിരുവനന്തപുരത്ത് 30 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ലോക്ക്ഡൌണ്‍ നിബന്ധനകള്‍ കൃത്യമായി പാലിച്ചാല്‍ രോഗവ്യാപനം കുറക്കാനാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് നിര്‍ദേശം. ഇതിന്‍റെ ഭാഗമായി വാര്‍ഡ് തല സമിതികള്‍ സജീവമാക്കും.