'ക്ലിഫ് ഹൗസിലെത്തിയ ചെമ്പിൽ ബിരിയാണി മാത്രമായിരുന്നില്ല'; മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കി സ്വപ്‌നയുടെ പുതിയ ആരോപണം

എം. ശിവശങ്കറിന്റെ നിർദേശ പ്രകാരമായിരുന്നു ബിരിയാണി ചെമ്പ് പലപ്പോഴായി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയതെന്നാണ് സ്വപ്‌നയുടെ വെളിപ്പെടുത്തൽ

Update: 2022-06-07 14:28 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: നയതന്ത്ര പാഴ്‌സൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലാണ് പ്രതിയായ സ്വപ്‌ന സുരേഷ് ഇന്ന് മാധ്യമങ്ങൾക്കു മുന്നിൽ നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്കു വേണ്ടി ദുബൈയിലേക്ക് കറൻസി കടത്തിയെന്നാണ് ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തൽ. ഇതോടൊപ്പം കൂടുതൽ ദുരൂഹതയുണർത്തുന്നതാണ് ബിരിയാണി ചെമ്പുമായി ബന്ധപ്പെട്ട സ്വപ്‌നയുടെ ആരോപണം.

'ജവഹർ നഗറിൽനിന്ന് ക്ലിഫ് ഹൗസിലെത്തിയ ബിരിയാണി ചെമ്പുകൾ'

കോൺസുലേറ്റ് ജനറലിന്റെ വസതിയിൽനിന്ന് സ്ഥിരമായി ബിരിയാണി ചെമ്പുകൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് സ്ഥിരമായി എത്താറുണ്ടെന്നാണ് സ്വപ്‌ന മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. തിരുവനന്തപുരത്തെ ജവഹർ നഗറിലുള്ള കോൺസുലേറ്റ് ജനറലിന്റെ വസതിയിൽനിന്നാണ് പല തവണ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബിരിയാണി ചെമ്പുകളെത്തിയത്.

എന്നാൽ, ബിരിയാണി ചെമ്പിനകത്ത് എന്താണുണ്ടായിരുന്നതെന്ന് വ്യക്തമാക്കുന്നതിനു പകരം കൂടുതൽ ദുരൂഹതയ്ക്ക് വകനൽകുന്ന തരത്തിലുള്ള സൂചന നൽകുകയാണ് സ്വപ്‌ന ചെയ്തിരിക്കുന്നത്. ബിരിയാണി ചെമ്പിനകത്ത് ബിരിയാണി മാത്രമല്ല ഉണ്ടായിരുന്നതെന്നും ഭാരമുള്ള ലോഹവസ്തുക്കളടക്കമുള്ളവയുണ്ടായിരുന്നുവെന്നുമാണ് അവർ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ജയശങ്കറിന്റെ നിർദേശപ്രകാരമാണ് ഈ ചെമ്പുകൾ കോൺസുലേറ്റ് ജനറലിന്റെ വസതിയിൽനിന്ന് ക്ലിഫ്ഹൗസിലെത്തിയതെന്നും സ്വപ്‌ന ആരോപിക്കുന്നു.

കേസിൽ മുഖ്യമന്ത്രിയുടെ അറിവോടെത്തന്നെയായിരുന്നു ശിവശങ്കറിന്റെ ഇടപെടലുകളെന്ന പ്രതിപക്ഷ ആരോപണങ്ങൾ ബലപ്പെടുത്തുന്ന തരത്തിലാണ് പുതിയ വെളിപ്പെടുത്തൽ. ഇതുപോലുള്ള പല കാര്യങ്ങളും കോടതിയിൽ രേഖപ്പെടുത്തിയ രഹസ്യമൊഴിയിൽ പറഞ്ഞിട്ടുണ്ടെന്നും എന്നാൽ, എല്ലാം ഇപ്പോൾ പുറത്തുപറയാനാകില്ലെന്നുമാണ് സ്വപ്‌ന പറയുന്നത്. സമയമാകുമ്പോൾ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നും അവർ അറിയിച്ചിട്ടുണ്ട്.

'കറൻസികളടങ്ങിയ ബാഗ് ദുബൈയിലേക്ക് കടത്തി'

മുഖ്യമന്ത്രിയായ വർഷം ആദ്യമായി നടത്തിയ ദുബൈ സന്ദർശനത്തിനിടെ നാട്ടിൽ മറന്നുവച്ച ബാഗ് കൊടുത്തയക്കാനായാണ് ആദ്യമായി ശിവശങ്കർ ബന്ധപ്പെടുന്നതെന്നും സ്വപ്‌ന പറയുന്നു. മുഴുവൻ കറൻസികളടങ്ങിയ ബാഗ് കോൺസുലേറ്റ് ഉദ്യോസ്ഥർ വഴി കൊടുത്തയച്ചതായും വെളിപ്പെടുത്തലുണ്ട്.

2016ൽ മുഖ്യമന്ത്രി ദുബൈയിലെത്തിയ സമയത്താണ് ശിവശങ്കർ ആദ്യമായി തന്നെ ബന്ധപ്പെടുന്നതെന്ന് സ്വപ്‌ന പറയുന്നു. കോൺസുലേറ്റിൽ സെക്രട്ടറിയെന്ന നിലയ്ക്കായിരുന്നു ശിവശങ്കർ ബന്ധപ്പെട്ടത്. മുഖ്യമന്ത്രി ഒരു ബാഗ് നാട്ടിൽ മറന്നുപോയിട്ടുണ്ട്, അത് എത്രയും പെട്ടെന്ന് ദുബൈയിൽ എത്തിക്കണമെന്നായിരുന്നു ആവശ്യം.

അങ്ങനെ കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കൈവശം ബാഗ് കൊടുത്തുവിട്ടെന്നും സ്വപ്‌ന വെളിപ്പെടുത്തി. ബാഗ് കോൺസുലേറ്റ് ഉദ്യോസ്ഥൻ കൊണ്ടുവന്നപ്പോഴാണ് അത് കറൻസിയാണെന്ന് മനസിലാക്കുന്നത്. സ്‌കാൻ ചെയ്തപ്പോഴാണ് കറൻസിയാണെന്ന് അറിയുന്നതെന്നും സ്വപ്ന മാധ്യമങ്ങളോട് വെളിപ്പെടുത്തി.

Full View

ഇതോടൊപ്പം മുഖ്യമന്ത്രിയുടെ കുടംബത്തിനും മുൻ മന്ത്രി കെ.ടി ജലീൽ അടക്കമുള്ളവർക്കുമെതിരെ രഹസ്യമൊഴിൽ സ്വപ്‌ന വിവരങ്ങൾ നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇവരുടെ ഇടപെടലും ഇവർ ചെയ്ത കാര്യങ്ങളുമാണ് മൊഴിയിലുള്ളതെന്നാണ് പറയുന്നത്. മുഖ്യമന്ത്രിക്കും ശിവശങ്കറിനും പുറമെ, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.എം രവീന്ദ്രൻ, മുൻമന്ത്രി കെ.ടി ജലീൽ, നളിനി നെറ്റോ എന്നിവരെക്കുറിച്ചെല്ലാം മൊഴിനൽകിയിട്ടുണ്ടെന്നാണ് സ്വപ്‌ന പുറത്തുവിട്ടിരിക്കുന്നത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News