മഅ്ദനിക്ക് ചികിത്സ ലഭ്യമാക്കാൻ കേരള സർക്കാർ അടിയന്തരമായി ഇടപെടണം: വെൽഫെയർ പാർട്ടി
ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഡയബറ്റിക് ന്യൂറോപ്പതി, കിഡ്നി സംബന്ധമായ രോഗങ്ങൾ അടക്കം നിരവധി രോഗങ്ങൾ അലട്ടുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യ നില അത്യന്തം വഷളായിരിക്കുകയാണ്
തിരുവനന്തപുരം - അത്യന്തം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ തുടരുന്ന അബ്ദുന്നാസിർ മഅ്ദനിക്ക് അടിയന്തിരമായി ചികിത്സ ലഭിക്കാൻ കേരള സർക്കാർ ഇടപെടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഡയബറ്റിക് ന്യൂറോപ്പതി, കിഡ്നി സംബന്ധമായ രോഗങ്ങൾ അടക്കം നിരവധി രോഗങ്ങൾ അലട്ടുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യ നില അത്യന്തം വഷളായിരിക്കുകയാണ്. സുരക്ഷാ പ്രശ്നങ്ങൾ പറഞ്ഞ് ബാംഗ്ലൂരിലെ പല ആശുപത്രികളും അദ്ദേഹത്തിന്‍റെ ചികിത്സാ കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാനാണ് ശ്രമിക്കുന്നത്. കേരളത്തിലെത്തി വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ടത് അനിവാര്യമാണ്.
നിലവിലെ ജാമ്യ വ്യവസ്ഥയനുസരിച്ച് ചികിത്സ നേടാൻ ബംഗളൂരു വിടാൻ അദ്ദേഹത്തിനാകില്ല. ഇത് സംബന്ധിച്ച ഇളവ് തേടിയുള്ള ഹരജി കർണാടക സർക്കാർ എതിർക്കുന്നതിനാൽ കോടതി അംഗീകരിക്കുന്നില്ല. കേരളാ സർക്കാർ കർണാടക സർക്കാരുമായി ചർച്ച നടത്തി ഇതിന് ഒരു പരിഹാരം കാണണം. അതിനായില്ലെങ്കിൽ കേരളത്തിൽ അദ്ദേഹത്തിന് ചികിത്സ ലഭ്യമാക്കാൻ നിയമ നടപടികളുടെ സാദ്ധ്യതയും ആരായണം. മഅ്ദനിയുടെ വിചാരണ അനന്തമായി നീളുകയാണ്. നാലുമാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന സുപ്രിം കോടതി നിർദ്ദേശം വന്നിട്ട് അഞ്ച് വർഷം കഴിഞ്ഞു. ഇനിയും വിചാരണ നീളുന്നത് കോടതി അലക്ഷ്യമാണ്. മഅ്ദനിക്ക് നീതി ലഭ്യമാക്കാൻ കേരളത്തിലെ എല്ലാ ജനാധിപത്യ വിശ്വാസികളും ശബ്ദമുയർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സി.എസ്.ഐ സഭയുടെ ആസ്ഥാനത്ത് കേന്ദ്രസർക്കാർ ഇഡിയെ ഉപയോഗിച്ചു നടത്തുന്ന വ്യാപകമായ റെയ്ഡ് ന്യൂനപക്ഷ സമൂഹങ്ങളോടുള്ള രാഷ്ട്രീയ വെല്ലുവിളിയാണെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി കേന്ദ്ര ഏജൻസികളെ ദുരുപയോഗപ്പെടുത്തി ഭീതി സൃഷ്ടിക്കാനുള്ള ബിജെപി സർക്കാരിന്‍റെ വിലകുറഞ്ഞ ഫാസിസ്റ്റ് തന്ത്രത്തിന്‍റെ ഭാഗമാണ് ഇപ്പോൾ നടക്കുന്ന ഇഡിയുടെ ഇടപെടലുകൾ. തിരുവനന്തപുരം ലോക്സഭാ മണ്ഡലമാണ് ഈ നീക്കത്തിലൂടെ ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യക്തമാണ്.
അധികാരത്തിന്‍റെ സാധ്യതകൾ ഉപയോഗപ്പെടുത്തി രാജ്യത്തെ സാമൂഹിക പ്രവർത്തകരോടും സമുദായ നേതാക്കളോടും രാഷ്ട്രീയ സംഘടനകളോടും വിലപേശാനും ഭീഷണിപ്പെടുത്താനുമാണ് മോദി സർക്കാർ ശ്രമിക്കുന്നത്. സി.എസ്.ഐ സഭ ആസ്ഥാനത്തും ബന്ധപ്പെട്ട റെയ്ഡ് നടത്തുന്നതിലൂടെ സഭക്കിടയിൽ വേർതിരിവ് സൃഷ്ടിക്കാനും രാഷ്ട്രീയ ലാഭം കൊയ്യാനുമാണ് ബിജെപി ആഗ്രഹിക്കുണ്ട്. ശിവസേന അടക്കമുള്ള വിവിധ രാഷ്ട്രീയ സംഘടനകളെ പിളർത്തി ഒരു വിഭാഗത്തെ അടർത്തിയെടുത്ത അതേ കന്ത്രമാണ് ഇവിടെയും പുലർത്തുന്നത്. അല്ലാതെ അഴിമതി വിരുദ്ധതയല്ല. ഫാസിസ്റ്റ് സർക്കാറിനോട് അനുകൂല സമീപനം സ്വീകരിക്കാത്തവരെ ഭരണകൂടത്തിന്‍റെ അമിതാധികാരം ഉപയോഗിച്ച് ആക്രമിക്കാനും തടവറയിലാക്കാനും നടത്തുന്ന ഹിന്ദുത്വ ഗൂഢാലോചന കേരളീയ സമൂഹം തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.