കണ്ണൂർ വിസിയുടെ പുനർനിയമത്തിനായി മുഖ്യമന്ത്രി നേരിട്ടെത്തി സമ്മർദം ചെലുത്തി; കത്തുകള്‍ പുറത്തുവിട്ട് ഗവര്‍ണര്‍
എജിയുടെ നിയമോപദേശം ഉള്ളതിനാലാണ് പുനർനിയമനം അംഗീകരിച്ചത്. തന്നെ സമ്മർദത്തിലാക്കിയാണ് നിയമനം സർക്കാർ അംഗീകരിപ്പിച്ചത്
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ അസാധാരണ നീക്കവുമായി ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം. തനിക്കെതിരെ ചരിത്ര കോണ്‍ഗ്രസില്‍ ഉണ്ടായത് ഏഴ് വർഷം വരെ കുറ്റം കിട്ടാവുന്ന കുറ്റമാണെന്നും ഗവർണറുടെയും രാഷ്ട്രപതിയുടെയും ജോലി ചെയ്യുന്നത് തടയുന്നത് ഐപിസി 124 പ്രകാരം കുറ്റകരമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. തനിക്കെതിരെ കയ്യേറ്റശ്രമം ഉണ്ടായത് പൊലീസിന്‍റെ സാന്നിധ്യത്തിലാണ്. പൊലീസാണ് കയ്യേറ്റമുണ്ടായപ്പോള്‍ എന്നെ രക്ഷിച്ചത്. പൊലീസിനെ തടയുന്നത് ദൃശ്യങ്ങളിലുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ആളാണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
ഗവർണർക്കെതിരെ ഉണ്ടാകുന്ന പ്രതിഷേധങ്ങളിലെ നിയമനടപടി വിശദീകരിച്ചുകൊണ്ടായിരുന്നു വാര്‍ത്താസമ്മേളനത്തിന്‍റെ തുടക്കം. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നതിന് മുന്‍പ് വീഡിയോ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഇത് രാജ്ഭവന്‍ നിര്‍മ്മിച്ച വീഡിയോ അല്ലെന്നും പിആര്‍ഡി, വിവിധ മാധ്യമങ്ങള്‍ എന്നിവയില്‍ നിന്നുള്ളതാണെന്നും പറഞ്ഞുകൊണ്ടാണ് ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. ഗവർണറുടെ പരിപാടിക്ക് മുന്‍കൂർ അനുമതി ആവശ്യമാണ്. ലിസ്റ്റ് പ്രകാരം ഇര്‍ഫാന്‍ ഹബീബിന് മൂന്ന് മിനിറ്റേ സംസാരിക്കാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ. അര മണിക്കൂറിലധികം ഇര്‍ഫാന്‍ ഹബീബ് സംസാരിച്ചുവെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
കണ്ണൂരിൽ പ്രതിഷേധക്കാർക്കെതിരെ നടപടി എടുക്കുന്നതിൽ നിന്നും അന്ന് എം.പിയായിരുന്ന കെ.കെ രാഗേഷ് പൊലീസിനെ തടഞ്ഞുവെന്ന് ഗവർണർ ആരോപിച്ചു. വേദിയിൽ ഇരുന്ന രഗേഷ് താഴെ ഇറങ്ങിയാണ് പൊലീസിനെ തടഞ്ഞത്. അതിന്‍റെ പ്രതിഫലമാകാം ഇപ്പോഴത്തെ രാഗേഷിന്‍റെ സ്ഥാനം. പ്രതിഷേധക്കാരോട് രാഗേഷ് സംസാരിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചായിരുന്നു ഗവർണറുടെ ആരോപണം.
കേരളത്തിലുള്ള വിദ്യാർഥികള്‍ മാത്രമല്ല പ്രതിഷേധിച്ചത്. ജെ.എന്‍.യു ,ജാമിഅ,അലിഗഡ് യൂണിവേഴ്സിറ്റി വിദ്യാർഥികളും പ്രതിഷേധത്തില്‍ പങ്കെടുത്തു. കേരളത്തിലെ സർവകലാശാലകളില്‍ എത്ര വിദ്യാർഥികളുടെ ജീവിതം നഷ്ടമായി? ചില പ്രത്യയശാസ്ത്രങ്ങള്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതിനാലാണിത്. ഈ പ്രത്യയശാസ്ത്രത്തിന്‍റെ വക്താവാണ് ഇര്‍ഫാന്‍ ഹബീബ്. ആരെങ്കിലും കോടതിയില്‍ പോയാല്‍ എന്തുകൊണ്ട് നടപടിയെടുത്തില്ലായെന്ന് പൊലീസ് വിശദീകരിക്കേണ്ടിവരുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
കണ്ണൂർ ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധത്തില്‍ താന്‍ പരാതി കൊടുക്കില്ലെന്നും ഗവർണർ കൂട്ടിച്ചേര്‍ത്തു. എന്തുകൊണ്ട് ആ സംഭവത്തില്‍ പൊലീസ് തുടർനടപടികള്‍ സ്വീകരിച്ചില്ലായെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണം ഗവർണറുടെ അധികാരം കുറയ്ക്കാന്‍ സർക്കാർ ശ്രമിക്കുന്നുവെന്ന് വാർത്തകള്‍ വരുന്നു യുണിവേഴ്സിറ്റികളിലെ സ്വജനപക്ഷപാതം ചൂണ്ടിക്കാണിച്ചതിന് ശേഷമാണ് ഇതെന്നും ഗവർണർ ആരോപിച്ചു.
ചാന്‍സലര്‍ സ്ഥാനം വേണ്ടെന്ന് നേരത്തേ പറഞ്ഞതാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. ചാന്‍സലറാകാന്‍ താത്പര്യമില്ലെന്ന് കാണിച്ച് ഡിസംബർ എട്ടിന് മുഖ്യമന്ത്രിക്ക് ആദ്യകത്ത് കത്തയച്ചു. മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി തന്നോട് കണ്ണൂർ യൂണിവേഴ്സിറ്റി വി.സിയുടെ പുനർ നിയമനത്തെപ്പറ്റി സംസാരിച്ചു. മുഖ്യമന്ത്രിയുടെ അഭിപ്രായം മാനിച്ചു, കണ്ണൂർ വിസിയുടെ പുനർനിയമനം അംഗീകരിച്ചു. നിയമോപദേശം ചോദിക്കാതെ തന്നെ എജി നിയമനത്തിന് അനുകൂലമായ നോട്ട് രാജ്ഭവനിലെത്തിച്ചു. കണ്ണൂർ വിസിയുടെ പുനർനിയമത്തിനായി മുഖ്യമന്ത്രി സമ്മർദം ചെലുത്തി. ആ സാഹചര്യത്തിലാണ് ചാന്‍സലർ സ്ഥാനം വേണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.
സംസ്കൃത യൂണിവേഴ്സിറ്റി വിസിയുടെ കാര്യത്തിലും മുഖ്യമന്ത്രിക്ക് കത്തയച്ചു. കേരളത്തിന് എതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ പ്രതികരണം ആരായുമ്പോള്‍ നല്‍കാറുണ്ട്. മണിക്കൂറുകള്‍ എന്നെ കാത്തുനില്‍ക്കുന്നവരോട് സംസാരിക്കുന്നു. 'കടക്കൂ പുറത്ത്' എന്ന് മാധ്യമപ്രവർത്തരോട് പറഞ്ഞയാളാണ് മുഖ്യമന്ത്രി നിങ്ങള്‍ ഇതൊക്കെ എങ്ങനെ സഹിക്കുന്നുവെന്നും മാധ്യമപ്രവർത്തരോട് ഗവർണർ ചോദിച്ചു.
അക്രമത്തിന്‍റെ രാഷ്ട്രീയമാണ് മുഖ്യമന്ത്രിയുടെ പാർട്ടിയുടെ പ്രത്യയശാസ്ത്ര അടിത്തറയെന്ന് ഗവർണർ പറഞ്ഞു. ഒരു മന്ത്രി ഭരണഘടനയെ അധിക്ഷേപിച്ചു പുറത്തായി. മുൻ മന്ത്രി ഇന്ത്യയുടെ ഭൂമിശാസ്ത്രത്തെ ചോദ്യം ചെയ്തത് പാകിസ്താന്‍റെ ഭാഷയിലാണ്. മുന്നണി കൺവീനറെ വിമാനത്തിൽ വിലക്കി. നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേയെന്നും ഗവർണർ ചോദിച്ചു.
കണ്ണൂരിലെ കൊലപാതകങ്ങളില്‍ ആര്‍.എസ്.എസിനും പങ്കില്ലേയെന്ന ചോദ്യത്തിന് ആര്‍.എസ്.എസ് ഭരണത്തിലില്ലല്ലോയെന്നായിരുന്നു ഗവർണറുടെ മറുപടി. ആര്‍.എസ്.എസ് തലവനെ കണ്ടതില്‍ എന്താണ് പ്രശ്നം.ആര്‍.എസ്.എസ് നിരോധിത സംഘടനയല്ല, പിന്നെന്താണ് പ്രശ്നമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു. സർവകലാശാല ബില്ലിലും ലോകായുക്ത ബില്ലിലും ഒപ്പിടില്ലെന്ന് ഗവർണർ പറഞ്ഞു. ആരോപണവിധേയന് സ്വയം വിധി നിർണയിക്കാനുള്ള അവസരം നല്‍കുന്നതാണ് ലോകായുക്ത ബിൽ. ഗവർണറുടെ അധികാരം കുറക്കുന്നതാണ് സർവകലാശാല ബിൽ. അത്തരം നിയമവിരുദ്ധമായ കാര്യങ്ങള്‍ നിയമവിധേയമാക്കലല്ല തന്‍റെ ജോലിയെന്നും ഗവർണർ വ്യക്തമാക്കി.