ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ ഹൈക്കോടതി വിധി സർക്കാർ പരിശോധിക്കുന്നു
നിയമ വകുപ്പിന്റെ അഭിപ്രായം പരിഗണിച്ചാകും സർക്കാർ അന്തിമ തീരുമാനമെടുക്കുക.
ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ ഹൈക്കോടതി വിധി സർക്കാർ പരിശോധിക്കുന്നു. നിയമ വകുപ്പിന്റെ അഭിപ്രായം പരിഗണിച്ചാകും ഇക്കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കുക.
ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കണമെന്ന് മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ്കുട്ടി ആവശ്യപ്പെട്ടു. ജനസംഖ്യാടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനോട് യോജിപ്പില്ല. സാമൂഹ്യ, സാമ്പത്തിക സാഹചര്യം പരിഗണിച്ച് തീരുമാനമെടുക്കണം. 80:20 അനുപാതം നടപ്പാക്കിയത് യുഡിഎഫ് സർക്കാറാണെന്നും പാലോളി മുഹമ്മദ് കുട്ടി മീഡിയവണിനോട് പറഞ്ഞു.
ന്യൂനപക്ഷ ക്ഷേമ പദ്ധതി സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ മുസ്‍ലി ലീഗ്. സംസ്ഥാന സർക്കാർ പുനപ്പരിശോധനാ ഹരജി നൽകണം. അല്ലെങ്കിൽ സുപ്രീംകോടതിയില്‍ അപ്പീൽ പോകണമെന്ന് ലീഗ് നേതാവ് പിഎംഎ സലാം ആവശ്യപ്പെട്ടു. സച്ചാർ കമ്മീഷൻ റിപ്പോർട്ട് പ്രകാരം ആനുകൂല്യം മുസ്‍ലിം സമുദായത്തിന് വേണ്ടിയായിരുന്നു. അത് പിന്നീട് ന്യൂനപക്ഷ ക്ഷേമമാക്കി അട്ടിമറിച്ചത് എല്‍ഡിഎഫ് ആണ്. യുഡിഎഫ് ആണ് 80:20 ആനുപാതം കൊണ്ട് വന്നതെന്ന പ്രചാരണം തെറ്റാണ്. 2011ൽ വിഎസ് സർക്കാരിന്‍റെ കാലത്താണ് ഈ അനുപാതത്തിൽ ന്യൂനപക്ഷ ക്ഷേമ സ്കോളർഷിപ്പ് കൊണ്ടുവന്നത്. ഒരു സമുദായതിനും ആനുകൂല്യം നല്‍കുന്നതിനും ലീഗ് എതിരല്ലെന്നും പിഎംഎ സലാം പ്രതികരിച്ചു. ഏതെങ്കിലും സമുദായത്തിന്റെ ആനുകൂല്യത്തിൽ നിന്നെടുത്തു മറ്റുള്ളവർക്ക് കൊടുക്കുന്നതിനെ എതിർക്കുമെന്നും ലീഗ് ജനറൽ സെക്രട്ടറി പ്രതികരിച്ചു. സംസ്ഥാന സർക്കാറിന്‍റെ നിലപാടറിഞ്ഞ ശേഷം ലീഗ് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.