കേരളം കടക്കെണിയിലേക്ക്: മുന്നറിയിപ്പുമായി ആർ.ബി.ഐ
തിരുത്തൽ നടപടികൾ ആവശ്യമാണെന്നും അല്ലാത്ത പക്ഷം കടക്കെണിയിലേക്ക് നീങ്ങുമെന്നും ആര്‍.ബി.ഐ ഡെപ്യൂട്ടിഗവര്‍ണര്‍ മൈക്കിൾ ദേബബത്രയുടെ കീഴില്‍ തയ്യാറാക്കിയ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറാക്കിയ ഉയർന്ന കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും. തിരുത്തൽ നടപടികൾ ആവശ്യമാണെന്നും അല്ലാത്ത പക്ഷം കടക്കെണിയിലേക്ക് നീങ്ങുമെന്നും ആര്‍.ബി.ഐ ഡെപ്യൂട്ടിഗവര്‍ണര്‍ മൈക്കിൾ ദേബബത്രയുടെ കീഴില്‍ തയ്യാറാക്കിയ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ശ്രീലങ്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ലേഖനം തയ്യാറാക്കിയതെന്ന ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
പഞ്ചാബ്, രാജസ്ഥാൻ, ബിഹാർ, കേരളം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ സാമ്പത്തികനില ഗുരുതരസ്ഥിതിയിലേക്കു നീങ്ങുകയാണെന്നാണ് ലേഖനത്തില്‍ പറയുന്നത്. വിവിധ സൂചകങ്ങള്‍ വിലയിരുത്തിയാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങള്‍ അനാവശ്യ ചെലവുകൾ വെട്ടിച്ചുരുക്കി തിരുത്തൽ നടപടികൾക്കു തുടക്കമിടേണ്ടതുണ്ടെന്നും ലേഖനത്തില്‍ സൂചിപ്പിക്കുന്നു.
ഈ അഞ്ച് സംസ്ഥാനങ്ങളിലേയും പൊതുകടം വര്‍ധിച്ചു. കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കെടുത്താൽ ഈ സംസ്ഥാനങ്ങളിൽ മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദന (ജി.എസ്.ഡി.പി.) വളർച്ചയേക്കാൾ കൂടുതലാണ് പൊതുകടത്തിന്റെ വളർച്ച.
സ്വന്തം നിലയിലുള്ള നികുതിവരുമാനം കുറയുന്നതും ഓരോ മാസവും പെൻഷൻ, പലിശ, ഭരണച്ചെലവ്, ശമ്പളം ഉൾപ്പെടെ പതിവു ചെലവുകൾക്ക് വരുമാനത്തിൽ വലിയഭാഗം നീക്കിവെക്കേണ്ടിവരുന്നതും സബ്‌സിഡി ബാധ്യത ഉയരുന്നതുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. 2020-21ൽ 15-ാം ധനകാര്യ കമ്മീഷൻ നിശ്ചയിച്ച കടബാധ്യത കേരളം മറികടന്നതായും ലേഖനത്തിൽ പറയുന്നു.
Summary- Kerala heading for huge debt trap, warns RBI