ഗുരുവായൂർ ക്ഷേത്രത്തിൽ ലേലം ചെയ്ത ഥാറിന്‍റെ വിശദാംശങ്ങൾ ഹാജരാക്കണമെന്ന് ഹൈക്കോടതി
കാര്‍ ലേലം ചെയ്ത നടപടി ചോദ്യംചെയ്ത് ഹിന്ദു സേവാ കേന്ദ്രം നൽകിയ ഹരജി ഹൈക്കോടതി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.
ഗുരുവായൂർ ക്ഷേത്രത്തില്‍ ലേലം ചെയ്ത ഥാർ ജീപ്പിന്‍റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. മഹീന്ദ്രാ കമ്പനി വഴിപാടായി നൽകിയ ഥാർ ജീപ്പാണ് ലേലം ചെയ്തത്. ജീപ്പിന്‍റെ വില അടക്കമുള്ള കാര്യങ്ങള്‍ അറിയിക്കാനാണ് ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കിയത്. കാര്‍ ലേലം ചെയ്ത നടപടി ചോദ്യംചെയ്ത് ഹിന്ദു സേവാ കേന്ദ്രം നൽകിയ ഹർജി ഹൈക്കോടതി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. ലേല നടപടികൾ ദേവസ്വം ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടാണ് നടത്തിയത് എന്നാണ് ആരോപണം.
15 ലക്ഷം രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ച് നടത്തിയ ലേലത്തിൽ പതിനഞ്ച് ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് എറണാകുളം സ്വദേശിയായ അമൽ മുഹമ്മദാലി വാഹനം സ്വന്തമാക്കിയത്. ഡിസംബർ 18ന് നടന്ന ലേലത്തിൽ ഒരാൾ മാത്രമാണ് പങ്കെടുത്തത്. ദേവസ്വം ബോർഡ് പിന്നീട് യോഗം ചേർന്ന് അംഗീകാരം നൽകി ദേവസ്വം കമ്മീഷറുടെ അനുമതിക്കായി അയച്ചു. എന്നാൽ 5000 രൂപയിൽ കൂടുതലുളള ഏതു വസ്തു വിൽക്കണമെങ്കിലും ദേവസ്വം കമ്മീഷണറുടെ മുൻകൂർ അനുമതി തേടണമെന്ന വ്യവസ്ഥ ലംഘിച്ചെന്നാണ് ഹർജിയിലെ ആരോപണം.
ഥാര്‍ ലേലത്തിൽ പിടിച്ച അമൽ മുഹമ്മദലിക്ക് വാഹനം ഇതുവരെ കൈമാറിയിട്ടില്ല. ദേവസ്വം കമ്മീഷണറുടെ അനുമതി ലഭിക്കാത്തതിനാലാണ് വാഹനം കൈമാറാത്തത്. മറ്റാരെങ്കിലും കൂടുതൽ തുകയുമായെത്തിയാൽ നിലവിലെ ലേലം റദ്ദ് ചെയ്യാനുള്ള അധികാരം ദേവസ്വം കമ്മീഷണർക്കുണ്ടെന്ന് ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി മോഹൻദാസ് കഴിഞ്ഞ ദിവസം പറയുകയുണ്ടായി.