കേരള ജെ.ഡി.എസില്‍ ഭിന്നത രൂക്ഷം; ദേശീയ ഘടകത്തോട് ബന്ധം വിടുന്നതിൽ അന്തിമ തീരുമാനമായില്ല

പുതിയ പാർട്ടി രൂപീകരിക്കുന്നതിനേയും മറ്റൊരു പാർട്ടിയില്‍ ലയിക്കുന്നതിനേയും മാത്യു ടി.തോമസും കെ.കൃഷ്ണന്‍കുട്ടിയും എതിർക്കുകയാണ്.

Update: 2023-10-11 08:07 GMT
Advertising

തിരുവനന്തപുരം: എന്‍.ഡി.എയുടെ ഭാഗമായ ദേശീയ ഘടകത്തോടുള്ള ബന്ധം വിടുന്നതിൽ അന്തിമ തീരുമാനമെടുക്കാതെ ഉരുണ്ടുകളിക്കുകയാണ് ജെ.ഡി.എസ് സംസ്ഥാന നേതൃത്വം. ദേശീയ നേതൃത്വത്തിന്‍റെ നിലപാടിനൊപ്പമില്ലെന്ന് പറയുമ്പോഴും ജെ.ഡി.എസായി തുടരാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം. പുതിയ പാർട്ടി രൂപീകരിക്കുന്നതിനേയും മറ്റൊരു പാർട്ടിയില്‍ ലയിക്കുന്നതിനേയും മാത്യു ടി.തോമസും കെ.കൃഷ്ണന്‍കുട്ടിയും എതിർക്കുകയാണ്. 

എന്‍.ഡി.എയുടെ ഭാഗമായ പാർട്ടി കേരളത്തില്‍ ഇടതുമുന്നണിയില്‍ തുടരുന്നത് പ്രതിപക്ഷം ആയുധമാക്കിയതോടെ സി.പി.എം സംസ്ഥാന നേതൃത്വം ജെ.ഡി.എസിനോട് കൃത്യമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തങ്ങള്‍ ദേശീയ നേതൃത്വത്തിന്‍റെ നിലപാടിനൊപ്പമില്ലെന്നാണ് സി.പി.എമ്മിന് ജെ.ഡി.എസ് സംസ്ഥാന നേതൃത്വം നല്‍കിയ മറുപടി. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേർന്ന യോഗത്തില്‍ വിശദമായ ചർച്ച നടത്തിയെങ്കിലും അന്തിമ തീരുമാനം എടുത്തില്ല. 

2006 ല്‍ ദേവഗൗഡ ബി.ജെ.പിക്കൊപ്പം ചേർന്നപ്പോള്‍ അന്ന് ജെ.ഡി.എസ് എല്‍.ഡി.എഫില്‍ തുടർന്നിരുന്നു. ആ നിലപാട് തന്നെ സ്വീകരിക്കാമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി.തോമസും മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും പറയുന്നത്. മറ്റൊരു പാർട്ടിയില്‍ ലയിച്ചാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യരാകുമെന്ന ആശങ്കയിലാണ് മാത്യു ടി.തോമസും കെ കൃഷ്ണൻ കുട്ടിയും.

എന്നാല്‍, 2006 ലെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നാണ് മുതിർന്ന നേതാവ് സി.കെ.നാണു അടക്കമുള്ളവരുടെ നിലപാട്. ബിജെപി രാജ്യത്ത് ഇത്രയും ശക്തമാകുകയും അതിനെ നേരിടാന്‍ പ്രതിപക്ഷ പാർട്ടികള്‍ ഇന്ത്യമുന്നണി രൂപീകരിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ സംസ്ഥാനനേതൃത്വം കൃത്യമായ നിലപാട് സ്വീകരിക്കണമെന്നാണ് ഈ വിഭാഗത്തിന്‍റെ ആവശ്യം.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News