പ്രഥമ കേരളാ ഒളിമ്പിക്സിന് ഇന്ന് തുടക്കം
ഉദ്ഘാടന ചടങ്ങില്‍ ടോക്യോ ഒളിമ്പിക്സ് മെഡല്‍ ജേതാക്കളെ ആദരിക്കും
തിരുവനന്തപുരം: പ്രഥമ കേരള ഒളിമ്പിക്സിന് ഇന്ന് തുടക്കം. ഇരുപത്തിനാല് ഇനങ്ങളിലായി ഏഴായിരത്തോളം കായിക താരങ്ങള്‍ പങ്കെടുക്കും. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ വൈകിട്ട് അഞ്ച് മണിക്ക് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങില്‍ ടോക്യോ ഒളിമ്പിക്സ് മെഡല്‍ ജേതാക്കളെ ആദരിക്കും.
ഇന്ത്യയില്‍ ആദ്യമായാണ് ഒളിമ്പിക്സ് മാതൃകയില്‍ മത്സരം സംഘടിപ്പിക്കുന്നത്. ഇനിയുള്ള പത്ത് നാള്‍ കായിക താരങ്ങള്‍ ട്രാക്കിലും ഫീല്‍ഡിലും പുതിയ വിജയഗാഥകള്‍ തീര്‍ക്കും. ജില്ലാ തലത്തില്‍ സംഘടിപ്പിച്ച മത്സരങ്ങളില്‍ മികവ് തെളിയിച്ച താരങ്ങളാണ് ഗെയിംസിന് യോഗ്യത നേടിയത്. ഇരുപത്തിനാല് ഇനങ്ങളില്‍ ഏഴായിരം കായിക താരങ്ങള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം, ജിമ്മി ജോര്‍ജ് സ്റ്റേഡിയം അടക്കം പത്തോളം വേദികളിലായിട്ടാണ് മത്സരങ്ങള്‍. ദേശീയ ഫെഡറേഷന്‍റെയും സംസ്ഥാന അസോസിയേഷനുകളുടേയും നിയമങ്ങള്‍ അനുസരിച്ചാകും മത്സരങ്ങള്‍ സംഘടിപ്പിക്കുക.
ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, ജി.ആര്‍.അനില്‍, വി.ശിവന്‍കുട്ടി, ആന്‍റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കായികമേളയുടെ ഭാഗമായി എല്ലാ ദിവസവും കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും. മെയ് പത്തിനാണ് സമാപനം.