ഇല്ല, ഇനിയൊന്നിങ്ങനെ ഉണ്ടാകില്ല; കേരളം ഉറങ്ങാതെ കണ്ണീർ വാർത്ത മൂന്ന് രാപ്പകലുകൾ...
ജീവിതകാലമാകെ ജനക്കൂട്ടത്താൽ വലയം ചെയ്യപ്പെട്ട ഉമ്മൻചാണ്ടി മരണത്തിലും വിസ്മയം തീർത്താണ് മറഞ്ഞത്
കോട്ടയം: കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത യാത്രയയപ്പ് നൽകിയാണ് കേരള ജനത പ്രിയപ്പെട്ട ഉമ്മൻചാണ്ടിക്ക് അന്ത്യാഭിവാദ്യം ഓതിയത്. രണ്ട് പകലും ഒരു രാവും നീണ്ട വിലാപയാത്ര. ജീവിതകാലമാകെ ജനക്കൂട്ടത്താൽ വലയം ചെയ്യപ്പെട്ട ഉമ്മൻചാണ്ടി മരണത്തിലും വിസ്മയം തീർത്താണ് മറഞ്ഞത്.
ഇല്ല, ഇനിയൊന്നിങ്ങനെ ഉണ്ടാകില്ല. എത്രമഹാരഥന്മാർ കടന്നുപോയിരിക്കുന്നു. അന്നൊക്കെയും കേരളം കരഞ്ഞു. തളർന്നു.. അതൊന്നുമല്ല പക്ഷേകേരളം ഇക്കഴിഞ്ഞ മൂന്ന് നാളിൽ കണ്ടത്. ഉമ്മൻചാണ്ടി ഉറങ്ങിയ മൂന്ന് രാപ്പകലുകൾ. കേരളം ഉറങ്ങാതെ കണ്ണീർ വാർത്ത മൂന്ന് രാപ്പകലുകൾ.
എന്നും ജനങ്ങൾക്ക് നടുവിലായിരുന്നു ഉമ്മൻചാണ്ടി. ജനകീയൻ എന്ന വാക്കിന്റെ അർഥം തന്നെ ഉമ്മൻചാണ്ടി എന്ന പേരിനോട് കോർത്തിടപ്പെട്ടിരിക്കുന്നു. അത് കേരളം കണ്ടറിയുകയായിരുന്നു, നൊന്തറിയുകയായിരുന്നു. നിശ്ചലനായ ഉമ്മൻചാണ്ടിയുമായി ആ വാഹനം കടന്നുപോകുന്നത് നെഞ്ചുലയുന്ന വേദനയോടെ കണ്ടുനിന്നവർക്ക് പറയാൻ കഥകളേറെയുണ്ടായിരുന്നു,അനുഭവകഥകൾ.. ഉമ്മൻചാണ്ടി പലവിധത്തിൽ ചേർത്തുപിടിച്ച കഥകൾ. അതിജീവനത്തിന്റെ വാതായനങ്ങൾ മലർക്കെ തുറന്ന കഥകൾ..
തിരുവനന്തപുരത്തുനിന്ന് തിരുനക്കര മൈതാനത്തേക്ക് നൂറ്റിനാൽപ്പത്തിയഞ്ച് കിലോമീറ്ററാണ് ദൂരം.. പലസ്റ്റോപ്പുകളിൽ നിർത്തുന്ന കെഎസ്ആർടിസി ബസ് പോലും നാല് മണിക്കൂറിൽ താഴെ ഓടിയെത്തുന്ന ദൂരം. ആ ദൂരം പലതവണ അതിവേഗത്തിൽ ഓടിയെത്തിയിട്ടുള്ള ഉമ്മൻചാണ്ടിക്ക് അവസാന യാത്രയിൽ അതിനായില്ല.. പേമാരി കണക്കെ, പ്രളയജലം കണക്കെ ഒഴുകിയെത്തിയ ജനസാഗരം അതിനനുവദിച്ചില്ല.
ഓരോ കിലോമീറ്ററുകളും അതിലേറെ ഓർമിപ്പിച്ചു. തിരുവനന്തപുരം ജില്ല പിന്നിടാൻ തന്നെ വേണ്ടിവന്നു ഏഴരമണിക്കൂർ..കൊല്ലം ജില്ല കടക്കാൻ അഞ്ചര മണിക്കൂർ. പത്തനംതിട്ടയിൽ അർധരാത്രിയിലും ജനം കണ്ണടക്കാതെ നനവൂറിയ കണ്ണീരുമായി കാത്തുനിന്നു.ഇടക്കിടെ ചെറുചാറ്റലായി പ്രകൃതിയും കരഞ്ഞു. എന്നും ജനക്കൂട്ടത്തിന് നടുവിലായിരുന്ന ഉമ്മൻചാണ്ടി നിശ്ചലനായി അവർക്ക് നടുവിൽ കിടന്നു
ബുധനാഴ്ച രാവിലെ ഏഴിന് തലസ്ഥാനത്ത് നിന്ന് പുറപ്പെട്ട വിലാപയാത്ര ഒരു പകലും ഒരു രാത്രിയും പിന്നിട്ട് ഒടുവിൽ തിരുനക്കര എത്തുമ്പോൾ പിറ്റേന്ന് അതേനേരമായി. അവിടെയും ജനസാഗരം.. പിന്നെ ജന്മനാടായ പുതുപ്പള്ളിയിലേക്ക്. എത്രതിരക്കിലും എല്ലാ ആഴ്ചകളിലും എത്തിയിരുന്ന തറവാട്ട് മുറ്റത്തേക്ക്.. എന്നും വലയം ചെയ്തിരുന്ന സ്വന്തം നാട്ടുകാർക്ക് നടുവിലേക്ക്. അവിടെക്കൂടിയ ജനസാഗരത്തിന് നഷ്ടമായത് പ്രിയ കുഞ്ഞൂഞ്ഞിനെ, പ്രിയ സഹോദരനെ, പ്രിയപ്പെട്ട അച്ഛനെ, പ്രിയപ്പെട്ട മകനെ, പ്രിയപ്പെട്ട ഉമ്മൻചാണ്ടി അപ്പൂപ്പനെയായിരുന്നു.
ഒടുവിൽ പുതുപ്പള്ളി വലിയ പള്ളിയുടെ തിരുമുറ്റത്തെ ഖബറിടത്തിലേക്ക് നിത്യനിദ്രക്കായി പ്രിയ കുഞ്ഞൂഞ്ഞ് മടങ്ങി. ചരിത്രമെഴുതിയ ഒരു ജീവിതയാത്രക്ക് ചരിത്രം കുറിച്ചൊരു യാത്രയിലൂടെ അവസാനം.. ഉറങ്ങാൻ മറന്ന ഒരു ജീവിതത്തിന് ഇനി നിത്യനിദ്ര...