'വിദ്വേഷ പ്രചാരണം നടത്തിയവരിൽ ഷാജൻ മുതൽ കേന്ദ്രമന്ത്രിമാർ വരെ, എഫ്.ഐ.ആർ പോലും കേരള പൊലീസ് എടുത്തില്ല': വിമർശനവുമായി ഷാഫി ചാലിയം
''അസത്യ പ്രചാരകർക്കെതിരെ കേസെടുക്കുമെന്ന ഡിജിപി യുടെ പ്രസ്താവന നടപ്പിലാവുമോ എന്നാണ് പൊതു ജനം ഉറ്റു നോക്കുന്നത്"
കോഴിക്കോട്: കളമശ്ശേരി ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയില്‍ വിദ്വേഷം പ്രചരിപ്പിച്ചവര്‍ക്കെതിരെ കേരളത്തില്‍ ആര്‍ക്കെതിരെയും എഫ്.ഐ.ആര്‍ എടുത്തില്ലെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം.
മറുനാടന്‍ മലയാളിയുടെ ഷാജന്‍ സ്കറിയ മുതല്‍ സകല സംഘി ഐഡികളും കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവര്‍ വരെ വിദ്വേഷ പ്രചാരണം നടത്തിയിട്ടുണ്ടെന്നും കേരളത്തില്‍ ഒരു എഫ്.ഐ.ആര്‍ പോലും എടുത്തില്ലെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഷാഫി ചാലിയം വ്യക്തമാക്കി.
ഒരു സമുദായത്തെ പ്രതിക്കൂട്ടിലേക്കാക്കാൻ ഒരു പറ്റം വൈകൃത മനസ്സുകൾ നടത്തിയ ഈ മുൻവിധി എത്ര മാത്രം ക്രൂരമാണെന്നും ഇത്തരം അസത്യ പ്രചാരകർക്കെതിരെ കേസെടുക്കുമെന്ന ഡിജിപി യുടെ പ്രസ്താവന നടപ്പിലാവുമോ എന്നാണ് പൊതു ജനം ഉറ്റു നോക്കുന്നതന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
''കളമശ്ശേരി ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയകളിലൂടെ വിദ്വേഷവും അസത്യവും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് ഡിജിപിയും ക്രമസമാധാന ചുമതലയുമുള്ള എഡിജിപിയും വ്യക്തമാക്കി.
നിമിഷങ്ങൾ കഴിഞ്ഞില്ല. മറുനാടൻ മലയാളി എന്ന പോർട്ടലിൽ വന്ന് ഷാജൻ സ്‌കറിയ പറയുന്നു,
".....സ്ഫോടത്തിന് പിറകിൽ കേരളത്തിലെ ഹമാസ് അനുകൂലികൾ.... ഇവരെ സഹായിക്കുന്നതും പിന്തുണക്കുന്നതും സിപിഎം നേതാവ് എം. സ്വരാജും, കോൺഗ്രസ്സ് നേതാവ് റിജിൽ മാക്കുറ്റിയും........ ""
എന്ത് നടപടി? ഷാജന് എന്ത് ഡിജിപി...?
ഷാജൻ മാത്രമല്ല. സകല സംഘി ഐഡികളും കേന്ദ്ര മന്ത്രിമാർ അടക്കമുള്ളവർ വരേ ഇന്ന് ഈ വിഷയവുമായി വിദ്വേഷ പ്രചരണം നടത്തിയിട്ടുണ്ട്. ക്രിസംഘികളും തകർത്താടിയിട്ടുണ്ട്.
ഒരു എഫ്.ഐ.ആര്‍ പോലും കേരള പോലീസ് എടുത്തതായി വാർത്ത വന്നിട്ടില്ല. ഒരു സമുദായത്തെ പ്രതിക്കൂട്ടിലേക്കാക്കാൻ ഒരു പറ്റം വൈകൃത മനസ്സുകൾ നടത്തിയ ഈ മുൻവിധി എത്ര മാത്രം ക്രൂരമാണ്. ഇത്തരം അസത്യ പ്രചാരകർക്കെതിരെ കേസെടുക്കുമെന്ന ഡിജിപി യുടെ പ്രസ്താവന നടപ്പിലാവുമോ എന്നാണ് പൊതു ജനം ഉറ്റു നോക്കുന്നത്''