പോപുലർ ഫ്രണ്ട് വയനാട് ഓഫീസിലും പാലക്കാട് വീടുകളിലും റെയ്ഡ്
വൈകീട്ട് നാലരയോടെയാണ് മാനന്തവാടി എരുമത്തെരുവിലെ ഓഫീസിൽ പരിശോധന നടന്നത്.
മാനന്തവാടി/പാലക്കാട്: കേരളത്തിൽ പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡുമായി സംസ്ഥാന പൊലീസ്. വയനാട് ജില്ലാ കമ്മിറ്റി ഓഫീസിലും പാലക്കാട്ടെ ചില വീടുകളിലുമാണ് ഇന്ന് റെയ്ഡ് നടത്തിയത്.
വൈകീട്ട് നാലരയോടെയാണ് മാനന്തവാടി എരുമത്തെരുവിലെ ഓഫീസിൽ പരിശോധന നടന്നത്. ഡിവൈ.എസ്.പി. എ.പി ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. എന്നാല്‍ സംശയകരമായ ഒന്നും കണ്ടത്താന്‍ കഴിഞ്ഞിട്ടില്ല.
പാലക്കാട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് കേരളാ പൊലീസിന്റെ നേതൃത്വത്തിൽ റെയ്ഡ് നടന്നത്. ശംഖുവാരത്തോട്, കല്‍മണ്ഡപം, ബി.ഒ.സി റോഡ്, ചടനാംകുറിശ്ശി എന്നീ ഭാഗങ്ങളിലാണ് പരിശോധന. ഇവിടുത്തെ ചില പ്രവര്‍ത്തകരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്.
ഇവിടങ്ങളിൽ ഹേമാംബിക നഗര്‍ സിഐയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ശ്രീനിവാസന്‍ വധവുമായി ബന്ധപ്പെട്ട പ്രതികളുടെ വീട് ഉള്‍ക്കൊള്ളുന്ന ഭാഗമാണ് ശംഖുവാരത്തോട്.
ഇന്ന് രാജ്യവ്യാപകമായി കേന്ദ്ര ഏജന്‍സികള്‍ നടത്തിയ റെയ്ഡില്‍ 200ലേറെ പി.എഫ്.ഐ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. സെപ്തംബർ 22ന് കേരളമടക്കം 13 സംസ്ഥാനങ്ങളിൽ നടത്തിയ റെയ്ഡിൽ ദേശീയ ചെയർമാനും സംസ്ഥാന പ്രസിഡന്റും അടക്കം 106 പേരെ അറസ്റ്റ് ചെയ്തിരുന്നു.