ഡ്രോൺ ആക്രമണം: 'ആന്റി ഡ്രോൺ മൊബൈൽ സിസ്റ്റം' രണ്ടു മാസത്തിനകമെന്ന് കേരളാ പൊലീസ്

ഡ്രോണിന്റെ വേഗവും ലക്ഷ്യവുമെല്ലാം കംപ്യൂട്ടറിൽ തെളിയുമെന്നും അതിനെ ജാമർ ഉപയോഗിച്ചു നിർവീര്യമാക്കുകയയോ ലേസർ ഉപയോഗിച്ചു തകർക്കുകയയോ ചെയ്യാമെന്ന് പൊലീസ്

Update: 2022-04-07 14:00 GMT
Advertising

ഡ്രോണുകളെ നിർവീര്യമാക്കാനും തകർക്കാനും ശേഷിയുള്ള 'ആന്റി ഡ്രോൺ മൊബൈൽ സിസ്റ്റം' രണ്ടു മാസത്തിനകം സ്വന്തമാകുമെന്ന് കേരള പൊലീസ്. ഡ്രോൺ ഫൊറൻസിക് ഗവേഷണ കേന്ദ്രത്തിൽ സംവിധാനത്തിന്റെ നിർമാണം പുരോഗമിക്കുകയാണെന്നും കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അറിയിച്ചു. ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം രാജ്യത്തു വ്യാപകമായ പശ്ചാത്തലത്തിലാണു ജീപ്പിൽ ഘടിപ്പിക്കുന്ന ആന്റി ഡ്രോൺ നിർമിക്കുന്നതെന്നും ഇതിലെ റഡാറിന് 5 കിലോമീറ്റർ ചുറ്റളവിൽ പറക്കുന്ന ഡ്രോണുകളെ കണ്ടെത്താനാവുമെന്നും കുറിപ്പിൽ വ്യക്തമാക്കി. ഡ്രോണിന്റെ വേഗവും ലക്ഷ്യവുമെല്ലാം കംപ്യൂട്ടറിൽ തെളിയുമെന്നും അതിനെ ജാമർ ഉപയോഗിച്ചു നിർവീര്യമാക്കുകയയോ ലേസർ ഉപയോഗിച്ചു തകർക്കുകയയോ ചെയ്യാമെന്ന് അവകാശപ്പെട്ടു. രാജ്യത്ത് ഇതാദ്യമായാണ് ഇത്തരം ഡ്രോൺ തദ്ദേശീയമായി വികസിപ്പിക്കുന്നതെന്നു സൈബർ ഡോം നോഡൽ ഓഫിസർ എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു.

ജീപ്പിൽ ഘടിപ്പിക്കുന്നതിനാൽ എവിടെയും ഉപയോഗിക്കാമെന്നും ഇതോടൊപ്പം പൊലീസ് സേനയ്ക്ക് ആവശ്യമായ വിവിധ തരം ഡ്രോണുകളും വികസിപ്പിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. സൈബർ ഡോമിൽ, 40 പൊലീസ് ഉദ്യോഗസ്ഥർക്കു ഡ്രോൺ പറത്താനും ഉപയോഗിക്കാനും സിമുലേറ്ററിൽ പരിശീലനം നൽകിയതായും യഥാർഥ ഡ്രോൺ ഉപയോഗിച്ചുള്ള പരിശീലനം തുടർന്നും നൽകുമെന്നും വ്യക്തമാക്കി. ജില്ലാതലത്തിലും കൂടുതൽ പൊലീസുകാർക്കു പരിശീലനം നൽകുമെന്നും പറഞ്ഞു.


Full View

വിഐപികളുടെ സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനും ജനക്കൂട്ട നിയന്ത്രണത്തിനും വിവിധതരം ഡ്രോണുകൾ വികസിപ്പിക്കുന്നുണ്ടെന്നും നിരീക്ഷണം, ദുരന്തനിവാരണം, ഭാരം വഹിക്കൽ, ആരുടെയും കണ്ണിൽ പെടാത്ത ചെറുത് എന്നിങ്ങനെ എട്ടുതരം ഡ്രോണുകളുടെ നിർമാണം അവസാനഘട്ടത്തിലാണെന്നും കുറിപ്പിൽ വ്യക്തമാക്കി. ഇവയിൽ പൊലീസ് സൈറൺ, ഉച്ചഭാഷിണി, ഡോം ലൈറ്റുകൾ എന്നിവ ഉണ്ടാകുമെന്നും വിമാനത്താവളങ്ങൾ, അതിസുരക്ഷാ മേഖലകൾ എന്നിവിടങ്ങളിൽ സേവനം പ്രയോജനപ്പെടുത്തുമെന്നും അറിയിച്ചു.

Kerala police say 'anti-drone mobile system' within two months to combat drone attack

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News