നിയമം അറിയില്ലേൽ പഠിക്കണം സർ, രാഷ്ട്രീയക്കാർക്ക് ഇല്ലാത്ത എന്ത് നിയമമാണ് സാധാരണക്കാരന്? ഗൗരിനന്ദയുടെ ചങ്കൂറ്റത്തിന് കൈയടിച്ച് മലയാളികള്‍
'ബാങ്കിൽ ക്യൂ നിന്ന യുവതിക്ക് പെറ്റി. ചോദ്യം ചെയ്ത യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്..എങ്ങിനെ സാധിക്കുന്നു?'
അനാവശ്യമായി പിഴ ചുമത്തിയ പൊലീസ് നടപടിയെ ചോദ്യം ചെയ്ത കൊല്ലം ഇടുക്കുപാറ സ്വദേശിനി ഗൗരിനന്ദയ്ക്ക് പിന്തുണയുമായി കേരള പൊലീസിന്റെ ഔദ്യോഗിക പേജിൽ കൂട്ടത്തോടെ കമന്റുകളുമായി മലയാളികൾ.
''ബാങ്കിൽ ക്യു നിന്ന യുവതിക്ക് പെറ്റി. ചോദ്യം ചെയ്ത യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.. എങ്ങിനെ സാധിക്കുന്നെന്നായിരുന്നു'- ഒരാളുടെ ചോദ്യം. നാണമാകുന്നില്ലേ പോലീസുകാരേ, ബിവറേജിന് മുന്നിൽ നിക്കുന്ന ക്യുവിന് സഹായം ഒരുക്കി കൊടുത്തിട്ട്, വഴിയേ പോകുന്ന സാധാരണക്കാരന് പിഴയിടാൻ എന്ന് മറ്റൊരാൾ ചോദിച്ചു.
നിയമം അറിയില്ലേൽ പഠിക്കണം സർ,.രാഷ്ട്രീയക്കാർക്ക് ഇല്ലാത്ത എന്ത് നിയമമാണ് സാധാരണക്കാരന്? എന്നും കമന്‍റുകൾ വന്നിട്ടുണ്ട്.
'കോവിഡ് പ്രതിസന്ധികളിലും സാമ്പത്തിക ഞെരുക്കങ്ങളിലും പെട്ടിരിക്കുന്ന സർക്കാരിനെ കൈ മെയ് മറന്ന് സഹായിക്കാൻ രാവിലെ രസീത് കുറ്റി ആയി ഇറങ്ങി കഷ്ടപ്പെടുന്ന പോലീസ് വകുപ്പിനോട് നല്ല ബഹുമാനം, ഒരു പ്രതിസന്ധി വന്നാൽ എങ്ങനെ ക്രിയാത്മകമായി ഇടപെടണമെന്ന് നിങ്ങൾ കാണിക്കുന്നു. പറ്റുമെകിൽ എല്ലാമാസവും ഓരോ നറുക്കെടുപ് കൂടി നടത്തി ആ മാസത്തെ വിജയികൾക്ക് പ്രോത്സാഹന സമ്മാനം നൽകണം, നാടിന്റെ വികസനത്തിനായി പങ്കു ചേർന്നതിന്റെ വികാരം അവരിൽ ഉണർത്താൻ ഒരുപക്ഷെ അത് സഹായകമായേക്കും. നിങ്ങളെ ഈ വേഷം കെട്ടിച്ച് ഇറക്കുന്നത് മുകളിൽ ഉള്ളവർ ആണെകിലും ദുർഗന്ധം നിങ്ങള്‍ക്കെ കാണു, ചെയ്യുന്ന 95% നല്ലതിനെയും ഇല്ലാതാക്കാൻ ഇപ്പോൾ കാണിക്കുന്ന 5% മതി.-എന്ന് ഒരാള്‍ കുറിച്ചു.
സത്യത്തിൽ ഇവിടെ നാണം കെട്ടത് കേരള പോലീസ് ആണെന്നും ഒരാൾ പറഞ്ഞു. ഇത്തരത്തിൽ നിരവധി പേരാണ് ഗൗരിക്ക് പിന്തുണയുമായി കേരള പൊലീസിന്റെ പേജിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്.
ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന പേരിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി ചടയമംഗലം പൊലീസ് ഗൗരിനന്ദയ്‌ക്കെതിരേ കേസെടുത്തത്. സാമൂഹിക അകലം പാലിക്കാത്തതിന് നോട്ടീസ് നൽകിയതിൻറെ പേരിലായിരുന്നു പെൺകുട്ടിയും പൊലീസുകാരനും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടത്.
അമ്മയെ ആശുപത്രിയിൽ കൊണ്ടുപോയി വരുംവഴി എടിഎമ്മിൽ നിന്നു പണമെടുക്കാനാണ് ഗൗരി ബാങ്കിന് സമീപത്തേക്ക് എത്തിയത്. പ്രായമുള്ള ഒരാളുമായി പൊലീസ് വാക്കേറ്റം നടത്തുന്നത് കണ്ടപ്പോൾ എന്താണ് പ്രശ്‌നമെന്ന് ചോദിച്ചതായി യുവതി പറയുന്നു. അനാവശ്യമായി പിഴ ലഭിച്ചെന്ന് പ്രായമുളളയാൾ മറുപടി പറഞ്ഞപ്പോൾ ഇടപെട്ട ഗൗരിക്കും കിട്ടി പിഴ. സാമൂഹീക അകലം പാലിച്ചില്ലെന്നാണ് കുറ്റം. ഇത് ചോദ്യം ചെയ്തതോടെ പെൺകുട്ടിയും ചടയമംഗലം പൊലീസും തമ്മിൽ നീണ്ട തർക്കം ഉണ്ടായി.
ഇതിന് പിന്നാലെയാണ് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന പേരിൽ പെൺകുട്ടിക്ക് എതിരെ കേസ്. പൊലീസ് മോശമായി പെരുമാറിയകൊണ്ടാണ് തനിക്ക് ചോദ്യംചെയ്യേണ്ടി വന്നതെന്ന് കൊല്ലത്ത് പോലീസുമായി വാക്കുതർക്കത്തിലേർപ്പെട്ട ഗൗരി നന്ദ. സംഭവത്തിൽ തനിക്കെതിരെ കേസ് എടുത്തെന്ന് മാധ്യമങ്ങളിൽ കണ്ടതല്ലാതെ പൊലീസ് ഇതുമായി ബന്ധപ്പെട്ട് ഒന്നും അറിയിച്ചിട്ടില്ലെന്നും ഗൗരി നന്ദ മീഡിയവണിനോട് പറഞ്ഞു.
'ഞാൻ ആശുപത്രിയിൽ പോയിട്ട് എടിഎമ്മിൽ നിന്ന് പൈസ എടുക്കാൻ കയറിയതായിരുന്നു. എടിഎമ്മിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തൊട്ടടുത്തുള്ള ഇന്ത്യൻ ബാങ്കിന് മുന്നിൽ ഒരുപാടുപേർ ഉണ്ടായിരുന്നു. അകലം പാലിച്ചുതന്നെയാണ് ആളുകൾ നിന്നിരുന്നെ. പൊലീസ് ജീപ്പിൽ അഞ്ചോ ആറോ പേർ ഉണ്ടായിരുന്നു. അവർ വന്നിട്ട് എന്തോ മഞ്ഞ ഷീറ്റ് പേപ്പറിൽ എഴുതിക്കൊടുക്കുന്നു. മൂന്ന് പേർക്കോ മറ്റോ ആണ് കൊടുത്തത്. ഒരു അങ്കിൾ ചൂടായി പൊലീസുകാരോട് സംസാരിക്കുന്നതുകണ്ടു. ഞാൻ ചെന്നു അങ്കിളിനോട് എന്താ പ്രശ്‌നമെന്ന് ചോദിച്ചു. മോളേ ഇത്രയും അകലം പാലിച്ചു നിന്നിട്ടും പെറ്റി അടയ്ക്കണമെന്നാണ് അവർ പറയുന്നെ എന്നുപറഞ്ഞു. അപ്പോ ഞാൻ പറഞ്ഞു ഇവിടെക്കിടന്ന് ശബ്ദമുണ്ടാക്കിയിട്ട് കാര്യമില്ല, ഈ സാറിൻറെയും ഉയർന്ന ഉദ്യോഗസ്ഥരുണ്ട്. അവിടെപ്പോയി പരാതിപ്പെട്ടാൽ മതിയെന്ന് ഞാൻ പറഞ്ഞു.
അപ്പോ അവിടെ നിന്ന ഒരു സാർ വിളിച്ച് എന്നോട് പേരുചോദിച്ചു. ഞാൻ പറഞ്ഞു ഗൌരി എന്ന്. അപ്പോ അഡ്രസ് ചോദിച്ചു. അപ്പോ ഞാൻ ചോദിച്ചു എന്തിനാ അഡ്രസ് ചോദിക്കുന്നേന്ന്. അപ്പോ പറഞ്ഞു അകലം പാലിച്ചില്ല അതുകൊണ്ട് പെറ്റിയാ എഴുതുന്നെ എന്ന്. അപ്പോ ഞാൻ ചോദിച്ചു സാറ് പെറ്റിയാണോ എഴുതുന്നെ? ഞാൻ മാസ്‌ക് വെച്ചിട്ടുണ്ട്, എടിഎമ്മിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ അങ്കിളിനോട് എന്താ ഇഷ്യു എന്നുമാത്രമാ ഞാൻ ചോദിച്ചത്. അത്രേ ചെയ്തുള്ളൂ. കൂടുതൽ നിയമങ്ങളൊന്നും പഠിപ്പിക്കേണ്ടെന്ന് സാർ പറഞ്ഞു. നിയമങ്ങൾ അറിഞ്ഞുകൂടെങ്കിൽ പഠിക്കണമെന്ന് ഞാൻ പറഞ്ഞു.
അപ്പോ പറഞ്ഞു ഉത്തരവാദിത്വമാണെന്ന്. ഇതൊന്നുമല്ല ഉത്തരവാദിത്വം സാർ ചെയ്തത് തെറ്റാണെന്ന് ഞാൻ പറഞ്ഞു. അപ്പോ എസ്‌ഐ സാർ വന്നിട്ട് മോശമായി ഒരു വാക്ക് പറഞ്ഞു. ഇതോടെയാണ് ശബ്ദമുയർത്തി എനിക്ക് സംസാരിക്കേണ്ടിവന്നത്. ഞാൻ അങ്ങോട്ട് ബഹുമാനത്തോടെ സംസാരിച്ചിട്ടുണ്ട്, തിരിച്ചും ആ ബഹുമാനം വേണമെന്ന് ഞാൻ പറഞ്ഞു. കൂടുതൽ പഠിപ്പിക്കേണ്ടെന്ന് എന്നോട് പറഞ്ഞു. നീയൊരു പെണ്ണായതുകൊണ്ട് ഒന്നും ചെയ്യുന്നില്ല, ആണായിരുന്നെങ്കിൽ പിടിച്ചുതല്ലിയേനെയെന്ന് എസ്‌ഐ പറഞ്ഞു. പെണ്ണ് ചോദ്യംചെയ്താലും ആണ് ചോദ്യംചെയ്താലും ഒരു പോലെയാണെന്ന് ഞാൻ പറഞ്ഞു. കൂടുതൽ സംസാരിക്കണ്ട, ഉയർന്ന ഉദ്യോഗസ്ഥനോട് പരാതിപ്പെട്ടോ എന്ന് എന്നോട് പറഞ്ഞു. ശരിയെന്നും പറഞ്ഞ് ഞാൻ വീട്ടിലെത്തി'.
വീട്ടിലെത്തിയപ്പോഴാണ് സോഷ്യൽ മീഡിയയിലൊക്കെ വിഡിയോ കണ്ടതെന്ന് ഗൗരി നന്ദ പറഞ്ഞു. വിഡിയോ എടുത്തത് ആരാണെന്ന് തനിക്ക് അറിയില്ല. തനിക്കെതിരെ കേസ് എടുത്തെന്ന് മാധ്യമങ്ങളിൽ കണ്ടതല്ലാതെ പൊലീസ് ഇതുമായി ബന്ധപ്പെട്ട് ഒന്നും അറിയിച്ചിട്ടില്ലെന്നും ഗൗരി നന്ദ പറഞ്ഞു. പ്ലസ് ടു പരീക്ഷ കഴിഞ്ഞുനിൽക്കുകയാണ് ഗൗരി നന്ദ.