മീഡിയവണിന് സുരക്ഷാ ക്ലിയറൻസ് നിഷേധിച്ച നടപടി സുതാര്യമല്ലാത്തതും നീതിരഹിതവും: കേരള ടെലിവിഷൻ ഫെഡറേഷൻ

നമ്മുടെ ജനാധിപത്യ സംവിധാനത്തിലെ പത്ര സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും ചാനലിന് പറയാനുള്ളത് കേൾക്കാനുള്ള സ്വാഭാവിക നീതി നൽകണമെന്നും കെ.ടി.എഫ്

Update: 2022-02-01 07:58 GMT
Advertising

മീഡിയവൺ ടെലിവിഷൻ ചാനലിന്റെ സംപ്രേഷണം പൊടുന്നനെ നിർത്തിവെച്ച് കൊണ്ടുള്ള കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ ഉത്തരവിൽ കേരള ടെലിവിഷൻ ഫെഡറേഷൻ കടുത്ത നിരാശയും ആശങ്കയും രേഖപ്പെടുത്തി. സുവ്യക്തമായ കാരണങ്ങൾ വെളിപ്പെടുത്താതെ ചാനലിന്റെ സുരക്ഷാ ക്ലിയറൻസ് നിഷേധിച്ച നടപടി സുതാര്യമല്ലാത്തതും നീതിരഹിതവുമാണെന്ന് കെ.ടി.എഫ് പ്രതികരിച്ചു.

മാധ്യമ സ്ഥാപനങ്ങളിലേക്ക് കടന്നുകയറിയുള്ള ഏത് നടപടിയും സുതാര്യവും നിയമപരവുമാകണമെന്ന പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി (കമ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ ടെക്നോളജി) യുടെ നിരീക്ഷണം മീഡിയവണിന്‍റെ കാര്യത്തിൽ കേന്ദ്രസർക്കാർ പാലിച്ചില്ല. എന്തിന്‍റെ അടിസ്ഥാനത്തിലായാലും പൊടുന്നനെ ഒരു ചാനലിന്‍റെ സംപ്രേഷണാവകാശം നിഷേധിക്കുന്നത്, മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ നിഷേധം തന്നെയാണ്. ഇത്തരമൊരു കടുത്ത നടപടി മുന്നൂറിലേറെ പേരെ, ഈ ക്ലേശകരമായ കാലത്ത് തൊഴിൽരഹിതരാക്കും. നിലവിലുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്നും നീതിയുക്തവും സുതാര്യവുമായ രീതിയിൽ സ്വന്തം ഭാഗം വിശദീകരിക്കാൻ ചാനലിന് അവസരം ഒരുക്കണമെന്നും കെടിഎഫ് ആവശ്യപ്പെട്ടു.

ഈ തീരുമാനത്തിലെ പക്ഷപാതപരമായ സമീപനം കേന്ദ്രസർക്കാർ തിരിച്ചറിയണം. നമ്മുടെ ജനാധിപത്യ സംവിധാനത്തിലെ പത്ര സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും ചാനലിന് പറയാനുള്ളത്  കേൾക്കാനുള്ള സ്വാഭാവിക നീതി നൽകണമെന്നും കെ.ടി.എഫ് ആവശ്യപ്പെട്ടു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News